NADAMMELPOYIL NEWS
MAY 21/22
മുക്കം(Kozhikode): കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ബാബു പൊലുകുന്നത്ത് പിടിയിൽ. ശനിയാഴ്ച പുലർച്ചെയാണ് ബെംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ബാബു മുക്കം പോലീസിൻ്റെ പിടിയിലായത്. മുക്കം ഇൻസ്പെക്ടർ പ്രജീഷ്, ഷിബിൽ ജോസഫ്, അബ്ദുൽ റഷീദ് ഹോം ഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് ബാബുവിനെ പിടികൂടിയത്. വൈകുന്നേരത്തോടെ മുക്കത്തെത്തിക്കുമെന്നാണ് വിവരം.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ബാബു പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് എത്തി പരിശോധന നടത്തിയിരുന്നു. ഗ്രാമീൺ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസ് (57) വ്യാഴാഴ്‌ച ജീവനൊടാക്കിയതോടെയാണ് കേസ് വീണ്ടും സജീവമായത്. ദളിത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മൽ, ബാബു പൊലുകുന്നത്ത്, കൊടിയത്തൂർ സ്വദേശികളായ മാട്ടുമുറിക്കൽ സന്തോഷ് കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവർ ചേർന്നാണ് ഗ്രാമീൺ ബാങ്ക് കൊടിയത്തൂര്‍ ശാഖയിൽ നിന്ന് 24.6 ലക്ഷം രൂപ തട്ടിയത്. ഈ ബാങ്കിലെ അപ്രൈസറായിരുന്നു മോഹൻ ദാസ്. കേരള ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിൽ നിന്നും അഗസ്ത്യൻമുഴിയിലെ കാർഷിക- ഗ്രാമവികസന ബാങ്ക് ശാഖയിൽ നിന്നുമായി 32 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്.
പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു. കേസിൽ ഉൾപ്പെട്ടവർ കേരള ഗ്രാമീൺ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലും സ്വർണ്ണം പണയം വെച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഒൻപത് കവറുകളിലേത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നു.