തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയതായി 700 ബസുകൾ വാങ്ങാൻ തീരുമാനം. ഇന്ധനവിലവർധനവിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗതമായി വാങ്ങിയിരുന്ന ഡീസൽ എൻജിൻ ബസുകൾക്ക് പകരം സി.എൻ.ജി. ബസുകളാണ് വാങ്ങുന്നത്.
455 കോടി രൂപ മുതൽ മുടക്കിയാണ് ബസുകൾ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കിൽ കെ.എസ്.ആർ.ടി.സിക്ക് കിഫ്ബി അനുവദിക്കും. ബസുകൾ വാങ്ങാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉണ്ടായത്.
700 സി.എൻ.ജി. ബസുകളും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് വേണ്ടിയാണ് വാങ്ങുന്നത്. ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ഭാഗമായ 700 ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ റൂട്ടാണ് ഇങ്ങനെ സ്വിഫ്റ്റിലേക്ക് പോകുന്നത്. സ്വിഫ്റ്റിന് വഴിമാറുന്ന ബസുകൾ, പുതിയ ബസുകൾ വരുന്ന മുറയ്ക്ക് ഓർഡിനറി സർവീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനഃക്രമീകരിച്ചാണ് സർവീസ് നടത്തുക.
പ്രവർത്തന ചിലവിൽ സിംഹഭാഗവും ഇന്ധനത്തിന് വേണ്ടി വിനിയോഗിക്കേണ്ടി വരുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സി.എൻ.ജി. ബസിലേക്ക് മാറുന്നത്. ഇതുവഴി ചിലവ് കുറച്ച് ലാഭം കൂട്ടാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്.
കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചു. കിഫ്ബിയിൽനിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്നും മന്ത്രി പറഞ്ഞു കെഎസ്ആർടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്.
2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആർടിസി-സ്വിഫ്റ്റിനായി സർവ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി പറഞ്ഞു.