ആപ്പിളിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ ടെക്‌ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രീമിയം ഫോണ്‍ സീരീസായ ഐഫോണ്‍ 13 നെക്കുറിച്ചോ മാക്ബുക്കുകളെക്കുറിച്ചോ അല്ല ഈ പരസ്യം. ഏതാനും ദിവസം മുൻപു പുറത്തുവന്ന ഒരു വിവരം ഉപയോഗിച്ച് ഗൂഗിളിനെയും ആന്‍ഡ്രോയിഡിനെയും അടിക്കാനുള്ള വടിയായാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഐഫോണ്‍ ഉപയോക്താക്കള്‍ എന്തുകൊണ്ട് ആപ് ട്രാക്കിങ് ഓണ്‍ ചെയ്യണമെന്ന് ശക്തമായി ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ഏതെല്ലാം തരത്തിലാണ് ഒരാളുടെ ഫോണില്‍നിന്നും ബ്രൗസറില്‍നിന്നും ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഗൂഗിളും മറ്റും ലേലത്തിനു വയ്ക്കുന്നത് എന്നാണ് ആപ്പിള്‍ തുറന്നുകാട്ടുന്നത്; ഇത് എങ്ങനെ ഒഴിവാക്കാമെന്നും. പരസ്യം ഇവിടെ കാണാം: https://bit.ly/3wtAE3V

പരസ്യത്തിലെ നായിക യെലി (Ellie) എന്ന കൊച്ചു പെണ്‍കുട്ടിയാണ്. അവള്‍ ഒരു റെക്കോർഡ് ഷോപ്പിലേക്കു ചെല്ലുമ്പോള്‍ അവിടെ അവളുടെ സ്വകാര്യ വിവരങ്ങള്‍ ലേലം ചെയ്യപ്പെടുന്നതു കാണുന്നു. ഒരാളുടെ ഡേറ്റ എങ്ങനെ ചോര്‍ത്തുന്നു എന്നതിന്റെ ലഘുവിവരണം കൂടിയാണിത്. തന്റെ മെയിലിലെ വിവരങ്ങള്‍, ബ്രൗസിങ് ഹിസ്റ്ററി, കോണ്ടാക്ട്‌സ് തുടങ്ങിയവയെല്ലാം ലേലം ചെയ്യപ്പെടുന്നു എന്നാണ് യെലി കണ്ടെത്തുന്നത്. ആപ്പിള്‍ ഇത് അല്‍പം അതിശയോക്തിയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. ആപ്പുകളുടെ ട്രാക്കിങ് ഒഴിവാക്കുന്നതില്‍ ഐഫോണുകൾ എങ്ങനെ ആന്‍ഡ്രോയിഡുകളേക്കാള്‍ ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കമ്പനി പറയാതെ പറയുന്നു. എത്ര പെട്ടെന്ന് യെലിക്ക് തന്റെ ഫോണില്‍ ട്രാക്കിങ് ഒഴിവാക്കാനാകുന്നു എന്നാണ് ആപ്പിള്‍ കാണിക്കുന്നത്.

https://youtube.com/watch?v=QJd8_3a7104%23amp%3D1

ഡേറ്റാ ലേലത്തെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇവിടെ വിശദാമായി വായിക്കാം. https://bit.ly/3sNR2dn

∙ ശക്തമായ പ്രചാരണം

ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യത എങ്ങനെ തിരിച്ചുപിടിക്കണം എന്നതിനെക്കുറിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ പരസ്യവും. സ്വകാര്യ വിവരങ്ങള്‍ മുതല്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വരെ എങ്ങനെ ചില കമ്പനികള്‍ കൈക്കലാക്കുന്നുവെന്ന് കൂടുതല്‍ പേരെ ബോധവല്‍ക്കരിക്കാനാണ് കമ്പനിയുടെ ശ്രമം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സുതാര്യത ഇല്ലാത്ത രീതിയില്‍ ടെക്‌നോളജി കമ്പനികള്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആപ്പിള്‍ പറയുന്നു. 

ഓണ്‍ലൈനായും ഓഫ്‌ലൈനായും ഡേറ്റ ശേഖരിച്ച് ചില കമ്പനികള്‍ വിറ്റുകൊണ്ടിരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ വഴി ടെക്‌നോളജി കമ്പനികള്‍ അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും മാത്രമായി 227 ബില്യന്‍ ഡോളറിലേറെയാണ് ഓരോ വര്‍ഷവും ഉണ്ടാക്കുന്നത്. ഉപയോക്താക്കള്‍ ബോധവാന്മാരാകാത്തിടത്തോളം കാലം ഇതിനെതിരെ ഒന്നും ചെയ്യാനാവില്ല. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഉപയോക്താക്കള്‍ അതതു കമ്പനികളുടേതല്ലാത്ത, സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കുന്ന ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുന്നത് ഒരു പരിധിവരെ സഹായിച്ചേക്കും.

∙ ആപ്പിളും സ്വകാര്യതയും

ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സ്, ഇപ്പോഴത്തെ തലവന്‍ ടിം കുക്ക് എന്നിവര്‍ സ്വകാര്യതയെ ഗൗരവത്തിലെടുക്കണമെന്ന് ശക്തിയുക്തം ഓര്‍മപ്പെടുത്തുന്നവരാണ്. തങ്ങളുടെ എതിരാളികള്‍ എങ്ങനെയാണ് ഡേറ്റാ ദുരുപയോഗം ചെയ്യുന്നതെന്ന് പലവട്ടം കമ്പനി പറഞ്ഞുകഴിഞ്ഞു. ഇത് പരമാവധി ഒഴിവാക്കാനായി ഐഒഎസ് 15 ല്‍ ധാരാളം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളുടെ രീതികളില്‍നിന്ന് ഏറെ വിഭിന്നമാണ് ആപ്പിളിന്റെ ചിന്താഗതി. അതേസമയം, ആപ്പിളിന്റെ സ്വകാര്യതാ ഫീച്ചറുകള്‍ ഉദ്ദേശിച്ച ഫലം നല്‍കിത്തുടങ്ങിയോ എന്ന് ഇപ്പോഴും സംശയവും ഉണ്ട്. എന്തായാലും, പുതിയ ഫീച്ചറുകള്‍ ഐഒഎസ് 14.5ല്‍ കൊണ്ടുവന്നതിനു ശേഷം ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ 10 ബില്യന്‍ ഡോളറിലേറെ കുറവു വന്നിട്ടുണ്ടെന്നു പറയുന്നു. 

∙ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഐടി മന്ത്രാലയം

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ്, ഐപാഡ് ഒഎസ് വേര്‍ഷനായ 15.5 ലേക്ക് അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്കു നേരെ കനത്ത ആക്രമണ സാധ്യത നിലനില്‍ക്കുന്നു എന്ന മുന്നറിയിപ്പു പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സേര്‍ട്ട്. ഉപയോക്താക്കള്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.

∙ ജോലിക്കാര്‍ ഓടിപ്പിടിച്ച് ഓഫിസിലേക്കു വരേണ്ടെന്ന് ആപ്പിള്‍

തങ്ങളുടെ ജോലിക്കാര്‍ ആഴ്ചയില്‍ മൂന്നു ദിവസം ഓഫിസിലെത്തി ജോലി ചെയ്യണമെന്ന് ആപ്പിള്‍ കമ്പനി ഉത്തരവിറക്കിയിരുന്നു. ഇത് ജോലിക്കാര്‍ക്ക് ഇടയില്‍ കടുത്ത അസന്തുഷ്ടി പടര്‍ത്തി. ഇക്കാരണത്താല്‍ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ മേധാവി ഇയന്‍ഗുഡ്‌ഫെലോ രാജിയും സമര്‍പ്പിച്ചു. ഇദ്ദേഹം ഗൂഗിളിന്റെ ഡീപ്‌മൈന്‍ഡ് വിഭാഗത്തിലേക്കാണ് പോകുന്നത്. കൂടുതല്‍ ജോലിക്കാര്‍ വിട്ടുപോകാതിരിക്കാനാണ് ആപ്പിള്‍ നിലപാട് മാറ്റിയിരിക്കുന്നത്. എന്നാല്‍, കോവിഡ് ചിലയിടത്തു വീണ്ടും കൂടുന്നത് തങ്ങളുടെ ശ്രദ്ധിയില്‍പ്പെട്ടു എന്നും അതുകൊണ്ട് ആരും തിടുക്കപ്പെട്ട് ഓഫിസിലേക്കു വരേണ്ടന്നുമാണ് കമ്പനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

∙ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്തതിന് ആപ്പിളിനും സാംസങ്ങിനും വീണ്ടും പിഴ

കാര്‍ബണ്‍ പ്രസരണം കുറയ്ക്കാനാണെന്നു പറഞ്ഞ് ഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ നല്‍കാതെയുള്ള ട്രെന്‍ഡ് തുടങ്ങിവച്ചത് ആപ്പിള്‍ ആണ്. തുടര്‍ന്ന് സാംസങ് അടക്കമുള്ള മറ്റു കമ്പനികളും ഈ രീതി ഏറ്റുപിടിച്ചു. ചാര്‍ജറില്ലാതെയുള്ള ഫോണ്‍ വില്‍പന തങ്ങളുടെ രാജ്യത്ത് അനുവദനീയമല്ലെന്നു പറഞ്ഞ് ബ്രസീല്‍ ആപ്പിളിന് പിഴയിട്ടിരുന്നു. തങ്ങളുടെ രാജ്യത്തേക്ക് ചാര്‍ജറില്ലാത്ത (പവര്‍ അഡാപ്റ്റര്‍) ഇല്ലാത്ത ഫോണുകള്‍ വില്‍പനയ്ക്ക് എത്തിക്കുന്നത് നിയമ വിരുദ്ധമാണെന്നു പറഞ്ഞാണ് ബ്രസീല്‍ ഇപ്പോള്‍ വീണ്ടും ആപ്പിളിനും സാംസങ്ങിനും പിഴയിട്ടിരിക്കുന്നത്.

∙ ക്രിപ്‌റ്റോകറന്‍സിയില്‍ പ്രതീക്ഷയര്‍പ്പിച്ച എല്‍സാല്‍വഡോറിന് കനത്ത ആഘാതം

ക്രിപ്‌റ്റോകറന്‍സിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മുതല്‍മുടക്കു നടത്തിയ എല്‍സാല്‍വഡോറിന് കനത്ത ആഘാതമേറ്റതായി റോയിട്ടേഴ്‌സ്. ക്രിപ്‌റ്റോകറന്‍സിയുടെ വില ഇടിഞ്ഞതോടെ സർക്കാരിന്റെ ആസ്തിയുടെ മൂന്നിലൊന്ന് ഒഴുക്കിക്കൊണ്ടു പോയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.

∙ വിറ്റുവരവില്‍ കുറവുണ്ടായി എന്ന് ഷഓമി

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ ഷഓമി 2022ലെ ആദ്യ പാദത്തിലെ വരുമാനത്തില്‍ ഇടിവു തട്ടിയെന്ന് അറിയിച്ചു. ഈ പാദത്തില്‍ സ്മാര്‍ട് ഫോണ്‍ വിൽപനയില്‍ 22.1 ശതമാനം കുറവുണ്ടായി. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ കമ്പനിക്ക് ലഭിച്ചത് 73.35 ബില്യന്‍ ഡോളറാണ്. തലേവര്‍ഷം ഇത് 76.88 ബില്യന്‍ ഡോളറായിരുന്നു.

∙ ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്യാനാവില്ലെന്ന് മസ്‌ക്

കഴിഞ്ഞ കാലത്ത് താന്‍ ഡെമോക്രാറ്റുകള്‍ക്കാണ് വോട്ടു ചെയ്തിരുന്നതെന്ന് ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്.
കാരണം അവര്‍ കരുണയുള്ളവരായിരുന്നു. ഇപ്പോള്‍ അവര്‍ വെറുപ്പിന്റെയും വിഭജിപ്പിക്കലിന്റെയും പാര്‍ട്ടിയായിരിക്കുന്നു. ഇനി അവരെ പിന്തുണയ്ക്കാനാവില്ല. താനിനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്നും ഇനി തനിക്കെതിരെ ഡെമോക്രാറ്റുകള്‍ നടത്താനിരിക്കുന്ന വൃത്തികെട്ട നീക്കങ്ങള്‍ കണ്ടോളൂ എന്നും മസ്ക് ട്വീറ്റു ചെയ്തു.

∙ പാവപ്പെട്ടവനായ ഇലോണ്‍

1248-elon-musk

പുതിയ ട്വീറ്റ് മസ്‌കിന്റെ പ്രധാന കമ്പനിയായ ടെസ്‌ലയുടെ ഓഹരി വില 6.8 ശതമാനം ഇടിച്ചു. അദ്ദേഹം ലോകത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ ധനികനായേക്കാമെന്നും വിലയിരുത്തലുകൾ വന്നു. ഇതോടെ ‘ഇലോണ്‍ പാവപ്പെട്ടവനായി’ (poor Elon) എന്ന പ്രയോഗം ട്വിറ്ററില്‍ പരക്കെ പ്രചരിക്കപ്പെട്ടു. ഇത് ട്വിറ്ററിലുള്ള വ്യാജ അക്കൗണ്ടുകളില്‍ നിന്നാകാമെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ അമ്മ മേ മസ്‌കും രംഗത്തെത്തി. 

∙ ടിക്‌ടോക് ഗെയിമിങ്ങിലേക്ക്

ലോകത്തെ ഏറ്റവും പ്രചാരമുള്ള സമൂഹ മാധ്യമങ്ങളിലൊന്നായ ടിക്‌ടോക് കമ്പനി ഇനി ഗെയിം വികസിപ്പിക്കലിലേക്കും തിരിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. വിയറ്റ്‌നാമിലുള്ള ടിക്‌ടോക് ആപ്പിലാണ് ഇപ്പോള്‍ ഗെയിമുകള്‍ പരീക്ഷണാര്‍ഥം നല്‍കി തുടങ്ങിയിരിക്കുന്നതെന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു.

English Summary: Apple’s new ad brings the focus back on privacy and here’s why it’s important

Leave a Reply

Your email address will not be published. Required fields are marked *