ലഖ്‌നൗ: താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് അലഹബാദ് ഹൈക്കോടതി.ഇങ്ങനെയാണ് എങ്കില്‍ നാളെ ജഡ്ജിമാരുടെ ചേംബറിലെ മുറിയും നിങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുമല്ലോ എന്ന് ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. വിഷയത്തില്‍ നന്നായി ഗവേഷണം ചെയ്തു വരാനും കോടതി ഹര്‍ജിക്കാരനെ ‘ഉപദേശിച്ചു’.
ബിജെപിയുടെ അയോധ്യഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജനീശ് സിങ് ആണ് ആവശ്യവുമായി ലഖ്‌നൗ ബഞ്ചിനെ സമീപിച്ചത്. മുറികള്‍ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
‘പോയി ഗവേഷണം ചെയ്യൂ. എംഎയും പിഎച്ച്‌ഡിയും എടുക്കൂ. എന്നിട്ട് ഇത്തരത്തിലുള്ള വിഷയം എടുക്കൂ. ആ വിഷയത്തിലെ ഗവേഷണത്തില്‍ ആരെങ്കിലും തടസ്സം നിന്നാല്‍ ഞങ്ങളുടെ അടുത്തു വരൂ.’ – കോടതി നിര്‍ദേശിച്ചു.
താജ്മഹലിലെ അടച്ചിട്ട മുറികളില്‍ കയറാന്‍ അനുമതി നല്‍കണമെന്ന ഹരജിക്കാരന്റെ ആവശ്യത്തോട് രോഷത്തോടെയാണ് കോടതി പ്രതികരിച്ചത്. ‘നാളെ നിങ്ങള്‍ ജഡ്ജിയുടെ ചേംബറിലെ മുറികള്‍ തുറക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുമോ?’ – എന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുതാത്പര്യ ഹരജി സംവിധാനത്തെ പരിസഹിക്കുന്നതാണ് ഹരജിയെന്നും കോടതി കുറ്റപ്പെടുത്തി.
ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. ആഗ്ര കോടതിയില്‍ സമാന കേസ് നിലവിലുണ്ടെന്നും കേസ് ലഖ്‌നൗ ബഞ്ച് പരിഗണിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്
‘ജയ്പൂര്‍ രാജകുടുംബ ഭൂമിയില്‍’
ജയ്പൂര്‍ രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹല്‍ ഭൂമിയിലായിരുന്നുവെന്നും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭൂമി പിന്നീട് കൈവശപ്പെടുത്തുകയായിരുന്നു എന്നും കഴിഞ്ഞ ദിവസം ജയ്പൂര്‍ രാജകുടുംബാംഗവും ബിജെപി എംപിയുമായ ദിയാ കുമാരി അവകാശപ്പെട്ടിരുന്നു. തന്റെ വാദം തെളിയിക്കുന്ന തക്കതായ രേഖകള്‍ കൈവശമുണ്ടെന്നും എംപി പറയുന്നു.
രാജസ്ഥാനിലെ രാജ്സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി ലോക്‌സഭാ എംപിയാണ് ദിയാകുമാരി. ”ഇന്ന് സര്‍ക്കാര്‍ ഒരു ഭൂമി ഏറ്റെടുത്താല്‍ അതിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും, അന്ന് രാജകുടുംബത്തിന് ഷാജഹാന്‍ ചക്രവര്‍ത്തി നഷ്ടപരിഹാരം നല്‍കിയില്ലെന്നും കേട്ടിട്ടുണ്ട്, ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീല്‍ നല്‍കാവുന്ന നിയമം അന്നുണ്ടായിരുന്നില്ല, ചരിത്രപരമായി താജ്മഹല്‍ ഭൂമി തീര്‍ച്ചയായും ജയ്പൂര്‍ രാജകുടുംബത്തിന്റേതാണ്”- ദിയാ കുമാരി പറഞ്ഞു.