ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും സൂപ്പർഹിറ്റ് മോഡലുകളിലൊന്നായ ഇന്നോവ ക്രിസ്റ്റ അടിമുടി മാറ്റവുമായി എത്തുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യം ഇന്തൊനീഷ്യൻ വിപണിയിലും അതിനു ശേഷം അടുത്ത വർഷം ഇന്ത്യൻ വിപണിയിലുമെത്തുമെന്നാണ് പ്രതീക്ഷ. ഇതിനായി ഇന്നോവ ഹൈക്രോസ് എന്ന പേരും ടൊയോട്ട റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരീക്ഷണയോട്ടം നടത്തുന്ന പുതിയ മോഡലിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇന്തൊനീഷ്യൻ വിപണിയിലെ ടൊയോട്ട അവൻസയ്ക്ക് അടിത്തറയായ ടിഎൻജിഎ–ബി അല്ലെങ്കിൽ ഡിഎൻജിഎ പ്ലാറ്റ്ഫോമിലാണ് ബി560 എന്ന കോഡ് നാമത്തിൽ പുതിയ ഇന്നോവ വികസിപ്പിക്കുന്നത്. ഇന്ധനക്ഷമത കൂടിയ പെട്രോൾ ഹൈബ്രിഡ് എൻജിനായിരിക്കും വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
മാരുതി –ടൊയോട്ട സഖ്യത്തിൽ ഉടൻ വിപണിയിലെത്തുന്ന എസ്‍യുവിക്കും പുതിയ ഇന്നോവയ്ക്കും 1.5 ലീറ്റർ ഹൈബ്രിഡ് പെട്രോൾ എൻജിനായിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡീസൽ എൻജിന് പകരക്കാരനായാണോ പുതിയ ഹൈബ്രിഡ് എൻജിൻ എന്നു വ്യക്തമല്ല. നിലവിൽ 2.7 ലീറ്റർ പെട്രോൾ എൻജിനും 2.4 ലീറ്റർ ഡീസൽ എൻജിനുമാണ് ഇന്നോവ ക്രിസ്റ്റയിൽ ഉപയോഗിക്കുന്നത്.
English Summary: Toyota Innova Hycross trademark registered; Innova Hybrid Coming soon?