ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. 23-കാരനായ നിയാസാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ ബൈക്ക് തള്ളി പ്രതിഷേധിക്കുന്നത്. ഏപ്രിൽ 18-ന് കാസകോട് നീലേശ്വരത്തു നിന്ന് ആരംഭിച്ച പ്രതിഷേധയാത്രയുടെ 23-ാം ദിവസമാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ഇതിനോടകം 312 കിലോമീറ്ററിലധികം ബൈക്ക് തള്ളി.
രാവിലെ ആറിന് ബൈക്ക് തള്ളാൻ തുടങ്ങിയാൽ വൈകീട്ടോടെ അവസാനിപ്പിക്കും. ഒരു ദിവസം 35 കിലോമീറ്ററോളം യാത്ര തുടരും. വൈകീട്ട് ആരെങ്കിലും താമസസൗകര്യം നൽകിയാൽ അവിടെ കഴിയും. അല്ലെങ്കിൽ, ൈകയിലുള്ള ടെന്റ് പാതയോരത്ത് കെട്ടി അന്തിയുറങ്ങും.
പതിനഞ്ച് ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നതെന്ന് നിയാസ് പറഞ്ഞു. സൗകര്യം ലഭിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയെ കാണണമെന്നാണ് ആഗ്രഹം. വിവിധയിടങ്ങളിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ ഒട്ടേറെയാളുകൾ ഐക്യദാർഢ്യം അറിയിച്ചതായും നിയാസ് പറഞ്ഞു. ഇലക്ട്രോണിക്സിൽ ഡിപ്ലോമയുള്ള നിയാസ്, കോട്ടയം സ്വദേശിയാണ്. കുറച്ചുകാലം എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലിനോക്കിയിരുന്നു.