തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് നാളെയും അവധി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നാളെയും അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍്റ് ആക്‌ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. ചെറിയ പെരുമാള്‍ ഇന്നായിരിക്കുമെന്ന് കരുതി ഇന്നത്തെ അവധി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ നാളേക്ക് മാറിയെങ്കിലും ഇന്നത്തെ അവധി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ശവ്വാല്‍ മാസപിറവികാണാത്തതിനാല്‍ സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഇസ്ലാം മത പണ്ഡിതരും ഖാസിമാരും ഇന്നലെ അറിയിച്ചു. പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി , കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി തുടങ്ങിയവര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്നാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. സൗദിയിലും യുഎഇയിലും തിങ്കളാഴ്ച തന്നെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

പെരുന്നാള്‍ ആഘോഷം; പടക്കങ്ങള്‍ ഉപയോഗിച്ചാല്‍ ജയിലിലാവുമെന്ന് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങവെ, പടക്കങ്ങള്‍ ഉപയോഗിക്കുകയോ അവയുടെ വില്‍പന നടത്തുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി ദുബൈ പൊലീസ്. പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുമ്ബോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ജനങ്ങള്‍ ഒഴിവാക്കണമെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആവശ്യപ്പെടുന്നത്.

2019ലെ ഫെഡറല്‍ നിയമം 17 പ്രകാരം, പടക്കങ്ങള്‍ വില്‍പന നടത്തുന്നതും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും നിര്‍മിക്കുന്നതും യുഎഇയില്‍ ക്രിമനല്‍ കുറ്റമാണ്. നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ 1,00,000 ദിര്‍ഹം പിഴയും നല്‍കേണ്ടി വരുമെന്നും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലും വീടുകളിലും തീപിടുത്തമുണ്ടാകുന്നത് ഒഴിവാക്കുന്നതിനായി കുട്ടികള്‍ അപകടകരമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ ചെറിയ പെരുന്നാളിന് യുഎഇയില്‍ ഒന്‍പത് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *