സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി നെടുങ്കണ്ടി ഹൗസില്‍ അബ്ദുവിന്റെയും താഹിറയുടെയും മകന്‍ എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സലാമിന്‍റെ മകന്‍ അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത്. പ്രവാസിയായ അജ്മൽ പെരുന്നാൾ കഴിഞ്ഞ് തിരികെ പോകാനിരിക്കവെയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
അപകടം ഇങ്ങനെ
ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം നടന്നത്. അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ കൂത്തന്നൂരില്‍ വെച്ച് എതിരെ വന്ന കര്‍ണ്ണാടക മില്‍ക്ക് ടാങ്കറുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് പിക്കപ്പ് വാൻ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാനിന്‍റെ ക്യാബിന്‍ പൂര്‍ണമായും തകരുകയും ചെയ്തു. പുലർച്ചെ ഗുണ്ടൽപേട്ടയിലേക്ക് ഉള്ളി കയറ്റാൻ പോയതാണ് ഇരുവരും. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചെന്നാണ് സൂചന. അപകടത്തില്‍പെട്ട യുവാക്കളെ ആംബുലന്‍സില്‍ കയറ്റാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് അംബാസഡര്‍ കാറിലാണ് ഗുണ്ടല്‍പേട്ട് നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അംന ഫാത്തിമ മരണപ്പെട്ട അജ്മലിന്‍റെ ഏക സഹോദരിയാണ്.
ഷിക്കാഗോയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെലങ്കാന സ്വദേശികളാണ് ഇവരെന്നാണ് വ്യക്തമാകുന്നത്. ഏപ്രില്‍ 21 വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ബന്‍ഡയ്ല്‍ സതേണ്‍ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സസ് വിദ്യാര്‍ത്ഥികളായ പവന്‍ സ്വര്‍ണ (23), വംഷി കെ പെച്ചെറ്റി (23) എന്നിവരും ഫിയറ്റ് കാര്‍ ഡ്രൈവര്‍ മിസോറിയില്‍ നിന്നുള്ള മേരി മ്യൂണിയരുമാണ് (32) മരിച്ചത്. ഇവര്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യശ്വന്ത് (23), കല്യാണ്‍ ഡോര്‍ന്ന (24), കാര്‍ത്തിക് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കാര്‍ത്തിക്കിന്റെ പരിക്ക് ഗുരുതരമാണ്.
കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിഅറേബ്യയിൽ കുഴഞ്ഞ് വീണ് മരിച്ചു. പുതുപ്പാടി പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് (40) ആണ് സൗദി അറേബ്യയിലെ ബുറെദെയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : ഷബ്ന. രണ്ടു കുട്ടികളുണ്ട്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.