ദുബൈ: ദുബൈയില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ തിങ്കളാഴ്ചയാണ് വാഹനാപകടങ്ങള്‍ ഉണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു.

അമിത വേഗതയും വാഹനങ്ങള്‍ തമ്മില്‍ വേണ്ടത്ര അകലം പാലിച്ച്‌ സഞ്ചരിക്കാത്തതും ഉള്‍പ്പെടെയുള്ള ഗുരുതര ട്രാഫിക് ലംഘനങ്ങള്‍ മൂലമാണ് അപകടങ്ങളുണ്ടായതെന്ന് ദുബൈ പൊലീസിലെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. എമിറേറ്റ്‌സ് റോഡില്‍ ട്രിപ്പൊലി പാലത്തിന് സമീപമാണ് ആദ്യ അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആവശ്യമായ അകലം പാലിക്കാതെ വാഹനമോടിച്ചതാണ് അപകട കാരണം.

അപകടത്തില്‍പ്പെട്ട 30കാരന് ഗുരുതര പരിക്കേറ്റിരുന്നു. ഇയാളെ ഉടന്‍ തന്നെ റാഷി ആശുപത്രിയിലെത്തിച്ചതായി അല്‍ മസ്‌റൂയി കൂട്ടിച്ചേര്‍ത്തു. മറ്റൊരു അപകടം നടന്നത് ദുബൈ-ഹത്ത റോഡിലാണ്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അകലം പാലിക്കാതെ വാഹനമോടിച്ചത് മൂലമാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. അനുവാദമില്ലാത്ത സ്ഥലത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് 40കാരന്‍ മരിച്ചത്.

അതേ ദിവസം തന്നെ നാല് വാഹനങ്ങള്‍ ലോറിയുമായി ഇടിച്ച്‌ അപകടമുണ്ടായി. അമിതവേഗതയാണ് അപകട കാരണം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ റാഷിദ് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. അമിതവേഗം, തെറ്റായ രീതിയിലുള്ള ഓവര്‍ടേക്കിങ്, അശ്രദ്ധമായ ഡ്രൈവിങ് എന്നിവക്കെതിരെ അല്‍ മസ്‌റൂയി മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് എല്ലാവരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *