Content Highlights: madhya pradesh highcourt says live in relationships are leading to rise sexual offences


ഭോപാല്‍: ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ‘ലിവിങ് ടുഗെദര്‍’ ബന്ധങ്ങള്‍ കാരണമാകുന്നതായി മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങള്‍ കാമാസക്തമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ദോര്‍ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭയങ്കാര്‍ നിരീക്ഷിച്ചു. യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ 25-കാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

ലിവ് ഇന്‍ ബന്ധങ്ങളുട ഫലമായുള്ള കുറ്റകൃത്യങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കേസുകളുടെ വര്‍ധനവ് കാണുമ്പോള്‍ കോടതി ഒരു നിരീക്ഷണത്തിന് നിര്‍ബന്ധിതമാവുകയാണ്. ലിവ് ഇന്‍ ബന്ധങ്ങള്‍ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ഭരണഘടനാ അവകാശത്തിന്റെ ഉപോല്പന്നമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ധാര്‍മിക ചിന്തകളെ വിഴുങ്ങിക്കളയുന്ന ലിവ് ഇന്‍ ബന്ധങ്ങള്‍ കാമാസക്തമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നെന്നും കോടതി പറഞ്ഞു.

ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്നത്. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ലിവ് ഇന്‍ ബന്ധങ്ങളിലേക്ക് എടുത്തുചാടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന് അതിന്റേതായ പരിധികളും ഉണ്ടെന്ന കാര്യം അത്തരക്കാര്‍ അറിയുന്നില്ല. ഇത്തരം ബന്ധങ്ങളിലെ പങ്കാളിയുടെ അവകാശങ്ങളെ അവര്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

പരാതിക്കാരിയായ യുവതിയും പ്രതിയും ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നു. ഇതിനിടെയാണ് യുവതി പീഡനത്തിനിരയായത്. രണ്ടുതവണ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും വിധേയയായി. പിന്നീട് മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ പ്രതി യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും വിവാഹം മുടക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പല വീഡിയോകളും ഇയാള്‍ പ്രതിശ്രുത വരന്റെ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു. യുവതിയുടെ വിവാഹം നടന്നാല്‍ താന്‍ ജീവനൊടുക്കുമെന്നും ഇതിന് ഉത്തരവാദി പ്രതിശ്രുത വരന്റെ കുടുംബാംഗങ്ങളായിരിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *