തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കൊണ്ടു വന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസുകള്‍ക്ക് ആദ്യദിനം തന്നെ സ്ക്രാച്ച്.സര്‍വ്വീസ് ആരംഭിച്ച് 24 മണിക്കൂറാകുന്നതിനു മുമ്ബ് 2 ബസ്സുകള്‍ അപകടത്തില്‍പെട്ടു. രണ്ട് സംഭവങ്ങളിലും യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും ബസ്സുകള്‍ക്ക് കേടുപാടുണ്ട്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കെഎസ്‌ആര്‍ടിസ് ഡിജിപിക്ക് പരാതി നല്‍കി.
സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന്‍്റെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായത്. ഇന്നലെ വൈകിട്ട് തമ്ബാനൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് കെ സ്വിഫ്റ്റ് സര്‍വ്വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെ.എസ്.29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്ബലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ബസില്‍ ഉരസുകയായിരുന്നു. അപകടത്തില്‍ ബസിന്‍്റെ റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്തെ പെയിന്‍റും പോയി. എന്നാല്‍ യാത്രക്കാര്‍ക്ക് പരിക്കൊന്നും പറ്റിയില്ല. മറ്റൊരു കണ്ണാടി പിടിപ്പിച്ച് ബസ് യാത്ര തുടര്‍ന്നു.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് വന്ന കെ.എസ്. 36 ബസ് മലപ്പുറം ചങ്കുവെട്ടിയില്‍ സ്വകാര്യ ബസ്സുമായി ഉരസിയായിരുന്നു രണ്ടാമത്തെ അപകടം. ഈ സംഭവത്തില്‍ ബസിന്‍്റെ ഒരു വശത്തെ പെയിന്‍റ് പോയി. അപകടങ്ങള്‍ക്ക് പിന്നില്‍ ദുരഹതയുണ്ടെന്ന് കെഎസ്‌ആര്‍ടിസി സംശിയിക്കുന്നു. ദീര്‍ഘദൂര സര്‍വ്വീസുകളിലെ ആധിപത്യം നഷ്ടപ്പെടുമെന്ന സ്വകാര്യ ലോബിയുടെ ആശങ്കയാണിതിന് പിന്നിലെന്നാണ് സംശയം. അപകടങ്ങളില്‍ കെഎസ്‌ആര്‍ടിസി എംഡി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് കമ്ബനിയിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമാണ്. അപകടങ്ങള്‍ക്ക് പിന്നില്‍ ഈ പരിചയക്കുറവാണെന്നും വിമര്‍ശനമുണ്ട്.