NADAMMELPOYIL NEWS
APRIL 12/22
കോടഞ്ചേരി: കോടഞ്ചേരി വിവാദ വിവാഹത്തിൽ പ്രതികരണവുമായി ഒളിച്ചോടി വിവാഹിതരായ ഷെജിനും ജ്യോത്സ്‌നയും. തങ്ങളുടേത് ലൗ ജിഹാദ് അല്ലെന്നും സമുദായ സംഘടനകൾ അനാവശ്യമായ വിവാദമാണ് ഉണ്ടാക്കുന്നതെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പല സംഘടനകളിൽ നിന്നും തങ്ങൾക്ക് എതിരെ ഭീഷണി ഉയരുന്നുണ്ടെന്നും കോടഞ്ചേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എം.എസ് പറയുന്നു.
ഷെജിന്റെയും ജ്യോത്സ്നയുടെയും ‘വിവാഹം’ ലവ് ജിഹാദാണെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആയിരുന്നു രംഗത്ത് വന്നത്. പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയും ഇവർ പ്രതിഷേധം രേഖപ്പെടുത്തി. സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന ജ്യോത്സ്ന പറയുന്നു.
ശനിയാഴ്ച വൈകീട്ടാണ് ഷെജിനും ജ്യോത്സ്ന ജോസഫും ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താതെ വന്നതോടെ മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നൽകുകയായിരുന്നു. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.