പ്രതീകാത്മക ചിത്രം| ഫോട്ടോ: ശംഭു വി.എസ്.
നഗരത്തിൽ ഇ-സൈക്കിളുകൾ വാങ്ങുന്ന ആദ്യത്തെ 10,000 പേർക്ക് ഡൽഹി സർക്കാർ 5500 രൂപ വീതം സബ്സിഡി നൽകുമെന്ന് ഡൽഹി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോത് അറിയിച്ചു. പാസഞ്ചർ ഇ-സൈക്കിളുകൾ ആദ്യം വാങ്ങുന്ന 1000 പേർക്ക് 2000 രൂപ അധിക സബ്സിഡി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ ആവശ്യങ്ങൾക്കായി ഹെവി ഡ്യൂട്ടി കാർഗോ ഇ-സൈക്കിളുകൾ ആദ്യം വാങ്ങുന്ന 5000 പേർക്ക് 15,000 രൂപ വീതം സബ്സിഡി ലഭിക്കും.
ഇ-കാർട്ടുകൾ വ്യക്തിഗതമായി വാങ്ങുന്നവർക്ക് മാത്രമാണ് നേരത്തേ സബ്സിഡി നൽകിയിരുന്നത്. എന്നാൽ ഇനിമുതൽ ഇ-കാർട്ടുകൾ വാങ്ങുന്ന സ്ഥാപനത്തിനും 30,000 രൂപ സബ്സിഡി നൽകുമെന്നും ഗെഹ്ലോത് പറഞ്ഞു. ഡൽഹി നിവാസികൾക്ക് മാത്രമേ സബ്സിഡി സ്കീമിന് അർഹതയുള്ളൂ.
നിലവിൽ 45,900 ഇ-വാഹനങ്ങൾ നഗരപാതകളിൽ ഓടുന്നുണ്ട്. ഇതിൽ 36 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിലെ ഇ-വാഹനങ്ങൾ 12 ശതമാനം കടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മലിനീകരണം കുറയ്ക്കുന്നതിനായി 2020 ഓഗസ്റ്റിലാണ് ഡൽഹി സർക്കാർ ഡൽഹി ഇലക്ട്രിക് വെഹിക്കിൾ പോളിസി ആരംഭിച്ചത്. പോളിസിക്കു കീഴിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും വാങ്ങുന്നതിന് വിപുലമായ സബ്സിഡികളും സർക്കാർ നൽകുന്നുണ്ട്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് പരമാവധി 30,000 രൂപ വരെയും 4-ചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ 1,50,000 രൂപ വരെയുമാണ് ഇ-വികളിൽ ഇളവ് ലഭിക്കുക.
ഇലക്ട്രിക് വാഹന പോളിസിക്ക് കീഴിൽ, റോഡ് നികുതിയും രജിസ്ട്രേഷൻ ചാർജുകളും ഉടമകളിൽ നിന്ന് സർക്കാർ ഈടാക്കുന്നില്ല. വാഹനവിൽപ്പനയിൽ ഇ-വികളുടെ വിഹിതം 2019-20 ലെ 1.2 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 10 ശതമാനമായി ഉയർന്നിരുന്നു. ഇ-വാഹന വിൽപ്പനയിൽ 10 ശതമാനം കടന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായും ഡൽഹി മാറി.
യു.കെ., ഫ്രാൻസ്, സിങ്കപ്പുർ തുടങ്ങിയ രാജ്യങ്ങളിലെ വൈദ്യുത വാഹനങ്ങളുടെ വിഹിതത്തെക്കാൾ കൂടുതലാണിതെന്ന് സർക്കാർ മുമ്പ് വ്യക്തമാക്കിയിരുന്നു. വർധിക്കുന്ന വൈദ്യുതവാഹന വിൽപ്പന അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. വനിതാ ഡ്രൈവർമാർക്കായി 33 ശതമാനം സംവരണത്തോടെ 4200-ലധികം ഇ-ഓട്ടോകൾ പുറത്തിറക്കാനും പദ്ധതിയുണ്ട്.