തൃശ്ശൂര്‍: ഇന്ന് രാവിലെയോടെയാണ് തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നത്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഒളിവില്‍ പോയ മകന്‍ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇഞ്ചക്കുണ്ടുകാര്‍. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്നു കുട്ടനും ചന്ദ്രികയും. വെട്ടുകത്തിയുമായി എത്തിയ മകന്‍ ആദ്യം അച്ഛനെ വെട്ടി. ആക്രമണം കണ്ട് ഭയന്നോടിയ ചന്ദ്രികയെ ഓടിച്ചിട്ട് അനീഷ് വെട്ടി. മുഖത്ത് പലതവണ വെട്ടി മുഖം വികൃതമാക്കി. കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്.
മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുത്.പള്ളിയില്‍ പോയി വരുന്നവരാണ് നടുറോഡില്‍ മൃതദേഹം കണ്ടത്. എന്നാല്‍ കൊലപാതക വിവരം നേരത്തെ തന്നെ അനീഷ് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അനീഷ് അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെയായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഭിഭാഷകയായ സഹോദരി കൂടിയുണ്ട് അനീഷിന്.ഇവര്‍ വിവാഹിതയായി മറ്റൊരു വീട്ടിലായിരുന്നു താമസം. അനീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.