കന്യാകുമാരി: ഇന്ത്യയിലേക്ക് വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥി സംഘമെത്തി. 21 പേരടങ്ങിയ സംഘമാണ് രാമേശ്വരത്ത് എത്തിയിരിക്കുന്നത്.ഇവരെ മണ്ഡപം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് സംഘങ്ങളായാണ് ഇവര്‍ വന്നത്. അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലര്‍ച്ചെ പിടികൂടി പിന്നാലെ ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ കണ്ടെത്തിയത്.
കടല്‍ അതിര്‍ത്തിക്കടുത്തുള്ള ചെറുമണല്‍ തിട്ടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ തീരസംരക്ഷണ സേന കസ്റ്റഡിയില്‍ എടുത്തു. ജാഫ്നയില്‍ സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഏഴ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ വന്നവരെന്നാണ് വിവരം.
സാമ്ബത്തികപ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ പുതിയ സാമ്ബത്തിക വര്‍ഷം അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ ഇപ്പോഴും രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ധാരാളം പേര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നാണ് നേരത്തെ എത്തിയ അഭയാര്‍ത്ഥികള്‍ പറഞ്ഞത്.
ശ്രീലങ്കന്‍ അഭയാര്‍ഥിപ്രശ്നം എന്നും തമിഴ്‌നാട്ടില്‍ വൈകാരിക വിഷയമാണ്. അധികാരം പിടിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തമിഴ് വാദം ഉയര്‍ത്തിക്കാട്ടാന്‍ തീവ്ര സംഘടനകളും ഒരേ രീതിയില്‍ പ്രയോഗിക്കുന്ന വിഷയം. സാമ്ബത്തിക പ്രതിസന്ധി കാരണം ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തുന്നതോടെ ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
എന്നാല്‍ കടുത്ത തമിഴ് വാദം ഉയര്‍ത്തുന്ന സംഘടനകള്‍ ഈ വിഷയത്തില്‍ നിലപാട് കുറച്ച് കൂടി കടുപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ തമിഴരെ അഭയാര്‍ത്ഥികളായി അംഗീകരിക്കാന്‍ വൈകുന്നതും അവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടതും നാം തമിഴര്‍ പോലുള്ള സംഘടനകള്‍ അതിശക്തമായി എതിര്‍ക്കുന്നു.
ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ പുറത്തുനിര്‍ത്തപ്പെടുന്നു എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉള്ള പ്രശ്നമാണ്. വിഷയം സങ്കീര്‍ണ്ണതയിലേക്ക് പോകും മുന്‍പ് പ്രശ്ന പരിഹാരത്തിനാണ് തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമം.