2 Minutes Read
എന്തിനും ‘വെറൈറ്റി’ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. വൈവിധ്യം തേടി ഒടുവിൽ പുലിവാല് പിടിച്ച 2 പേർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സംഭവം മറ്റൊന്നുമല്ല പാലാ മീനച്ചിലാർ കടവിലെ ‘ആൽക്കഹോളിക് ബ്യൂട്ടി’ കണ്ടപ്പോൾ ഇവർക്കൊരു മോഹം. ആഗ്രഹം സാക്ഷാത്കരിക്കാൻ ഇവർ സഹായം തേടിയതോ മഫ്തിയിലെ പൊലീസുകാരോട്.
സംഭവം നടക്കുന്നത് വ്യാഴാഴ്ച. ലൊക്കേഷൻ അതിമനോഹരമായ പാലാ മീനച്ചിലാർ. വിഡിയോയിലെ നായകന്മാർ മദ്യക്കുപ്പിയുമായി വരുന്ന രണ്ടുപേർ. കടവിലെത്തിയ ഇവർ ‘‘ഇവിടിരുന്നു മദ്യപിച്ചാൽ പൊലീസ് വരുമോയെന്ന്’’ ഒരു ചേട്ടനോട് ചോദിക്കുന്നു. പിന്നാലെ താഴേക്കിറങ്ങി മദ്യപിക്കുന്നു. പക്ഷേ അവിടെയാണ് പണിപാളിയത്. ഇവർ സംശയം ചോദിച്ച ‘ആ ചേട്ടൻ’ ഒരു പൊലീസുകാരനാണ്. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥൻ എല്ലാം ഫോണിൽ പകർത്തി.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്‌ഡിനായി സ്ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാർ കടവിൽ മഫ്തി വേഷത്തിൽ നിന്ന പാല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടോംസൺ പീറ്റർ കുരിയാലിമല എന്ന കെ.പി.ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കൾക്കെതിരെ പിന്നാലെ കേസെടുത്തു. എന്തായാലും ‘വെറൈറ്റി’ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്.