ദുബൈ: ആറുമാസക്കാലം ലോകത്തെ വിസ്മയിപ്പിച്ച എക്‌സ്‌പോ 2020 ദുബൈയ്ക്ക് തിരശ്ശീല വീഴുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയ്ക്ക് ഇന്ന് സമാപനം കുറിക്കുകയാണ്.180 ദിവസങ്ങളില്‍ 96 ലൊക്കേഷനുകളിലായി 30,000ത്തിലേറെ പരിപാടികളാണ് അരങ്ങേറിയത്.

എക്‌സ്‌പോ അവസാന ദിവസങ്ങളിലേക്ക് കടന്നപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു. എക്‌സ്‌പോ സമാപിക്കുന്നതിന് തൊട്ടു മുമ്ബുള്ള വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് എക്‌സ്‌പോയിലെത്തിയത്. ലോകം ഇതുവരെ കാണാത്ത ദൃശ്യവിരുന്നാണ് സമാപന ചടങ്ങില്‍ എക്‌സ്‌പോ 2020 കാത്തുവെച്ചിരിക്കുന്നത്.

ഇന്ന്(വ്യാഴാഴ്ച) വൈകിട്ട് യുഎഇ സമയം ഏഴ് മണി മുതല്‍ അല്‍ വാസല്‍ പ്ലാസയിലാണ് 400ലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിസ്മയ പരിപാടികള്‍ അരങ്ങേറുക. പരിപാടികള്‍ വീക്ഷിക്കുന്നതിനായി എക്‌സ്‌പോ നഗരിയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. ജൂബിലി സ്റ്റേജ്, ഫെസ്റ്റിവല്‍ ഗാര്‍ഡന്‍, സ്‌പോര്‍ട്‌സ് ഹബുകള്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇത്തവണ പരിപാടികളിലെ വിഐപി അതിഥികളായി പങ്കെടുക്കുക യുഎഇയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളായിരിക്കും. വിഐപി അതിഥികള്‍ക്കായി നിശ്ചയിച്ച ഒരു ചെറിയ ഭാഗം സ്ഥലത്ത് ഒഴികെ അല്‍ വാസല്‍ പ്ലാസയിലും മറ്റ് എല്ലായിടങ്ങളിലും തടസ്സമില്ലാതെ പ്രവേശിക്കാന്‍ അനുവാദം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എക്‌സ്‌പോയുടെ പൈതൃകം ഭാവിയിലേക്ക് എത്തിക്കേണ്ടവര്‍ എന്ന നിലയിലാണ് കുട്ടികളെ അതിഥികളായി തെരഞ്ഞെടുത്തത്.

എക്‌സ്‌പോ ഉദ്ഘാടന ചടങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ഇന്ത്യന്‍ പെണ്‍കുട്ടി, മിറാ സിങ് തന്നെയായിരിക്കും സമാപന ചടങ്ങിനും തുടക്കം കുറിക്കുക. ചടങ്ങില്‍ എക്‌സ്‌പോ പതാക 2025ലെ മേളയുടെ ആതിഥേയരായ ജപ്പാന് കൈമാറും. ജപ്പാനിലെ ഒസാകയില്‍ 2025 ഏപ്രില്‍ 13 മുതല്‍ ഒക്ടോബര്‍ 13 വരെയാണ് അടുത്ത എക്‌സ്‌പോ. എ ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തിലായിരിക്കും യുഎഇയുടെ ദേശീയഗാനം ആലപിക്കുക.

ഗ്രാമി ജേതാവായ സെലിസ്റ്റ് യോ യോ മാ ദുബൈ മില്ലേനിയം ആംഫി തിയേറ്ററില്‍ രാത്രി എട്ടിന് സംഗീത പരിപാടി അവതരിപ്പിക്കും. ഗ്രാമി അവാര്‍ഡ് നേടിയ ഗായികയും ഗാനരചയിതായും പിയാനിസ്റ്റുമായ നോറ ജോണ്‍സും തന്റെ കലാപ്രകനങ്ങള്‍ കൊണ്ട് കാണികളെ വിസ്മയിപ്പിക്കും. പോപ്പ് സംഗീത ഇതിഹാസം ക്രിസ്റ്റീന് അഗ്വിലേറ ജൂബിലി സ്റ്റേജില്‍ രാത്രി 10 മണിക്ക് പരിപാടി അവതരിപ്പിക്കുക. പുലര്‍ച്ചെ മൂന്നു മണി വരെ എക്‌സ്‌പോയുടെ സമാപന ചടങ്ങുകള്‍ നീളും. സന്ദര്‍ശകര്‍ക്ക് എത്താന്‍ രാത്രി മുഴുവന്‍ ദുബൈ മെട്രോ സര്‍വീസ് നടത്തും. വിവിധ മേഖലകളില്‍ നിന്നുള്ള എക്‌സ്‌പോ റൈഡര്‍ ബസുകള്‍ക്കും പുറമെ ടൂറിസ്റ്റ് ബസുകളും സര്‍വീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *