NADAMMELPOYIL NEWS
MARCH 29/22
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ദൃശ്യങ്ങൾ നടന്റെ കൈവശം എത്തിയോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചില്ലെന്നുമാണ് ദിലീപ് ഇന്നലെ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നടന്ന ചോദ്യം ചെയ്യൽ.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. അന്വേഷണം ഏപ്രിൽ 15നകം തീർക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.