NADAMMELPOYIL NEWS
MARCH 29/22
കോഴിക്കോട്: ഭൂനികുതി കുടിശ്ശികയടക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫിസർക്ക് രണ്ട് കൊല്ലം കഠിനതടവും 20,000 രൂപ പിഴയും. മലപ്പുറം ചെമ്പ്രശ്ശേരി വില്ലേജ് ഓഫിസറായിരുന്ന കൊല്ലം നെടുമ്പന ഇഞ്ചയിൽ വീട്ടിൽ എൻ. ശശിധരനെയാണ് കോഴിക്കോട് വിജിലൻസ് പ്രത്യേക ജഡ്ജി വി. മധുസൂദനൻ ശിക്ഷിച്ചത്.
ചെമ്പ്രശ്ശേരി സ്വദേശി സക്കീർ ഹുസൈനിൽനിന്ന് കുടുംബ സ്വത്തിലെ നികുതി കുടിശ്ശികയടക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. വി.കെ. ഷൈലജൻ ഹാജരായി. 2011 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും സെക്ഷൻ ഏഴു പ്രകാരം ഒരു വർഷം കഠിനതടവും 10,000 രൂപ പിഴയ ശിക്ഷയുമാണ് വിധിച്ചത്. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കഠിന തടവ് കൂടി അനുഭവിക്കണം.