മുക്കം : മലയോരമേഖലയുടെ സിരാകേന്ദ്രമായ മുക്കത്തിന്റെ ചരിത്രം, ഇനി ചിത്രങ്ങൾ പറയും. ഇതിനായി നഗരസഭാ കാര്യാലയത്തിൽ ആർട്ട് ഗാലറിയൊരുക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. മലയോരമണ്ണിന്റെ ചരിത്രം യുവതലമുറയ്ക്ക് പകർന്നുനൽകുന്നതിനൊപ്പം കലാകാരന്മാർ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാനും വരയിലെ അറിവുകൾ പരസ്പരം പങ്കുവെക്കാനും കഴിവുകൾ വിപുലപ്പെടുത്താനും വേദിയൊരുക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

നഗരസഭാ കാര്യാലയത്തിന്റെ ഏറ്റവും മുകളിലെ നിലയിൽ ആർട്ട് ഗാലറി ഒരുക്കാനാണ് ഉദേശിക്കുന്നത്. നഗരസഭയുടെ എം.ആർ.എഫ്. പ്ലാന്റിനായി നഗരസഭാ കാര്യാലയത്തിന്റെ മുകൾഭാഗത്ത് സൗകര്യം ഒരുക്കിയിരുന്നു.

എന്നാൽ, സുരക്ഷാകാര്യങ്ങൾ മുൻനിർത്തി എം.ആർ.എഫ്. പ്ലാന്റിന് എൻ.ഒ.സി. നൽകാൻ അഗ്നിശമനസേന തയ്യാറായിരുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മുകളിലെ നില എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനയ്ക്കിടെയാണ് ചിത്രകലാ അധ്യാപകരായ സിഗ്നിദേവരാജനും വർണം മജീദും മുക്കം കേന്ദ്രമായി ആർട്ട് ഗാലറിയെന്ന ആശയം മുന്നോട്ടുവെച്ചത്.

സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിച്ചവരും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരുമായ മുക്കത്തെ മൺമറഞ്ഞ വ്യക്തികളുടെ ഛായാ ചിത്രങ്ങളും കലാസംബന്ധിയായ വസ്തുക്കളുടെ ശേഖരവും ഉൾക്കൊള്ളുന്നതായിരിക്കും ആർട്ട് ഗാലറി. ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച മുകൾ നിലയിലെ ചൂട് നിയന്ത്രിക്കാൻ സീലിങ് പ്രവൃത്തിനടത്താനും ചുറ്റും അടച്ചുറപ്പുള്ള ചുമർ നിർമിക്കാനും പദ്ധതിയുണ്ട്. ചെറിയ തുകയ്ക്കുതന്നെ ഈ പ്രവൃത്തി പൂർത്തീകരിക്കാമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *