കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയെ മാലിന്യമുക്തമാക്കാനുള്ള ബഹുജനയത്നം ശനിയാഴ്ച നടക്കും. കൊടിയത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കർമപദ്ധതി നടപ്പാക്കുന്നത്. 26-ന് രാവിലെ ഏഴുമുതൽ ആരംഭിക്കുന്ന ശുചീകരണപ്രവൃത്തിയിൽ വിവിധ രാഷ്ട്രീയ, മത, സാംസ്കാരികസംഘടനകളും ക്ലബ്ബുകളും പങ്കെടുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് പറഞ്ഞു. പുതിയോട്ടിൽക്കടവുമുതൽ ഇടവഴിക്കടവുവരെ ഒരു ടീമും തെയ്യത്തുംകടവുമുതൽ കാരാട്ടുകടവുവരെ മറ്റൊരു ടീമും ശുചീകരണത്തിന് നേതൃത്വം നൽകും.
ഊർക്കടവിൽ റെഗുലേറ്റർ കംബ്രിഡ്ജിന്റെ ഷട്ടറുകൾ താഴ്ത്തിയതിനാൽ ഒഴുക്കുനിലച്ച് മാലിന്യം പലസ്ഥലങ്ങളിലായി അടിഞ്ഞുകൂടിയ അവസ്ഥയാണ്. നീർനായശല്യവും പുഴയിൽ രൂക്ഷമാണ്. ഇരുവഞ്ഞി ശുചീകരണത്തോടൊപ്പം ഞായറാഴ്ച ചെറുവാടിയിലെ ചാലിത്തോടും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിക്കുമെന്ന് പദ്ധതി കൺവീനർ എം.ടി. റിയാസ് പറഞ്ഞു. ശുചീകരണത്തിന്റെ ഉദ്ഘാടനം തെയ്യത്തുംകടവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി നിർവഹിക്കും