NADAMMELPOYIL NEWS
MARCH 24/22
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് സമഗ്രമായ പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണെന്നും ബേപ്പൂര്‍ തുറമുഖത്തിന്റെ മുഖചായ മാറ്റി കോഴിക്കോടിനെ വലിയ തുറമുഖ നഗരമാക്കി മാറ്റുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സംഘടിപ്പിച്ച ബേപ്പൂര്‍ തുറമുഖ ട്രേഡ് ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ചെറുകിട തുറമുഖങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രാജ്യത്തിന്റെ മാരിടൈം മേഖലയെ ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥന സര്‍ക്കാര്‍ മാരിടൈം ബോര്‍ഡിനെ പുനര്‍നിര്‍മ്മാണം ചെയ്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി ചൂണ്ടി കാട്ടി.
തുറമുഖങ്ങളെ വികസന കേന്ദ്രങ്ങളാക്കി മാറ്റുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുടങ്ങിക്കിടന്ന കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ എന്നീ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ചരക്ക് കപ്പല്‍ സര്‍വ്വീസ് പുനരാരംഭിച്ചു. നിലവിലുണ്ടായിരുന്ന ഇന്‍സെന്റീവ് ആവശ്യമായ പരിഷ്‌കാരങ്ങളോടെ നടപ്പാക്കി വരികയാണ്.ബേപ്പൂര്‍ തുറമുഖം സംസ്ഥാനത്തെ ഏറ്റവും പ്രാചീനമായ തുറമുഖങ്ങളില്‍ ഒന്നാണ്. മാത്രമല്ല, ലക്ഷദ്വീപുമായുള്ള സംസ്ഥാനത്തിന്റെ ബന്ധത്തിന്റെ പ്രഭവകേന്ദ്രവും ബേപ്പൂരാണ്. സംസ്ഥാനത്തെ ഓപ്പറേറ്റിംഗ് തുറമുഖമായി ബേപ്പൂര്‍ വികസിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒട്ടേറെ നിലനില്‍ക്കുന്നു. ഇവ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്.
ഇതിനായി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ബേപ്പൂര്‍ തുറമുഖത്തെ ഷിപ്പിങ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി പുതിയ ടഗ്ഗിന്റെ കമ്മീഷനിങ് പൂര്‍ത്തീകരിച്ചു. കപ്പല്‍ ചാനല്‍ ഡ്രഡ്ജ് ചെയ്ത് 7 മീറ്ററാക്കുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് അംഗീകാരത്തിനായി ധനകാര്യ പ്ലാനിങ് വകുപ്പുകളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്. അതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭ്യമായ ശേഷം കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാലയില്‍ നിന്നുള്ള സഹായത്തിനായി സമര്‍പ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര്‍ തുറമുഖത്തെ തിരക്ക് കുറയ്ക്കുന്നതിനായി ഒരു പുതിയ വാര്‍ഫ് സ്ഥാപിക്കുന്നതിന് ചെന്നൈ ഐഐറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. ഇതു കൂടാതെ ലക്ഷദ്വീപിനു മാത്രമായി ഒരു പുതിയ വാര്‍ഫും പരിഗണനയിലുണ്ട്. ഇതും കേന്ദ്ര സഹായത്തിനും സമര്‍പ്പിക്കും.
തുറമുഖ വികസനത്തി നായി ഇപ്പോള്‍ 3.83 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി ഒരു കണ്ടൈനര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത് കൂടാതെ ലക്ഷദ്വീപ് യാത്രക്കാര്‍ക്ക് വേണ്ടി ഒരു അമിനിറ്റി സെന്ററും താമസിയാതെ ഏറ്റെടുക്കും.ഇഡിഐ സംവിധാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സാങ്കേതികമായി വേണ്ട മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍ ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും ആവശ്യമായ വകയിരുത്തല്‍ ഈ ബജറ്റില്‍ നടത്തിയിട്ടുണ്ട്. എങ്ങനെ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച നിലയില്‍ ഈ തുറമുഖത്തെ ഉപയോഗപ്പെടുത്താം എന്നുള്ളതാണ് സര്‍ക്കാരിന്റെയും അതുപോലെ തുറമുഖവുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെയും മുന്നിലുള്ള വെല്ലുവിളി.
സംസ്ഥാനത്ത് ബേപ്പൂരിന് പുറമെ കൊല്ലം, അഴീക്കല്‍, വിഴിഞ്ഞം തുറമുഖങ്ങളില്‍ കൂടി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അങ്ങനെ സംസ്ഥാനത്തിന്റെ തെക്കു നിന്ന് വടക്കെ അറ്റം വരെയുള്ള തീരദേശ മേഖലയെ ഒരു തുറമുഖ ശൃംഖലയുടെ ഭാഗമാക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്തുണയും സഹകരണവും ഈ വകുപ്പിന് വേണ്ടി ഞാന്‍ അഭ്യര്‍ഥിക്കുന്നു. ചടങ്ങില്‍ എംഡിഎഫ് പ്രസിഡന്റ് കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു.