ചെറുവാടി: പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന വിധത്തിൽ വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിതമായി കൊണ്ടുവരുന്നതിന് കൈകോർത്ത് ഹിൽടോപ് പബ്ലിക് സ്കൂൾ വിദ്യാർഥികളും കൊടിയത്തൂർ പഞ്ചായത്ത് പത്താം വാർഡും.
റെഫ്യൂസ് റെഡ്യൂസ് റീസൈക്കിൾ റീയൂസ് എന്ന തലക്കെട്ടോടെ പ്ലാസ്റ്റിക് മുക്ത ഗ്രാമം എന്ന ക്യാമ്പയിന് ഹിൽടോപ് പബ്ലിക് സ്കൂളിൽ ഇന്ന് തുടക്കമായി. പ്രിൻസിപ്പാൾ എം. സഈദ് ഓമാനൂരിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പത്താം വാർഡ് മെമ്പർ മറിയം കുട്ടിഹസൻ, പ്രദേശവാസിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ പഴംപറമ്പിന് തുണിസഞ്ചി നൽകിയായിരുന്നു ഉദ്ഘാടനം.
വിദ്യാർത്ഥികൾക്കുള്ള പരിശീലനം, വീട് സന്ദർശനം, “മരണമില്ലാതെ മരണം വിതക്കുന്ന ഭീകരൻ” ലഘുലേഖ വിതരണം, ഉദ്ബോധന സദസ്സ്, ചാർട്ട് പ്രദർശനം, തുടങ്ങിയ വിവിധയിനം പരിപാടികൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു.
അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ വിദ്യാർഥികൾ പത്താം വാർഡിലെ വീടുകളിലും കൂടാതെ സ്കൂളിലെ വിദ്യാർഥികൾ സ്വന്തം വീട്ടിലും അയൽ വീടുകളിലും സന്ദർശിച്ചു സർവേയും പ്ലാസ്റ്റിക്കിൻ്റെ ദോഷ വശങ്ങളെക്കുറിച്ച് ബോധവൽക്കരണവും നടത്തിയത് ക്യാമ്പയിൻ്റെ മുഖ്യ ആകർഷണമായി. ഇത് നവ്യാനുഭവവും നൽകിയതായി വിദ്യാർഥികളും വീട്ടുകാരും പങ്കുവെച്ചു.
തുണി സഞ്ചി വിതരണം, സർവ്വേ റിപ്പോർട്ട് സമർപ്പണം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിതമായി കൊണ്ടുവരുന്നതിന് ആവശ്യമായ ഇതര പദ്ധതികൾ തുടങ്ങിയവ ക്യാമ്പയിൻ്റെ തുടർച്ചയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ മറിയം കുട്ടിഹസൻ, സ്കൂൾ പ്രിൻസിപ്പാൾ എം. സഈദ് ഓമാനൂർ എന്നിവർ അറിയിച്ചു.
പരിപാടിക്ക് പിടിഎ പ്രസിഡന്റ് മുഹമ്മദ് പുളിക്കൽ ആശംസയും, പ്രോജക്ട് കോഡിനേറ്റർ തസ്നിബാനു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാദിഖ് അലി സഖാഫി നന്ദിയും അറിയിച്ചു.