കോവിഡ്; ഭീതിയൊഴിയാതെ മലയോര മേഖല
കൊടുവള്ളി: കൊടുവള്ളിയിൽ കഴിഞ്ഞദിവസം നൂറു പേരുടെ സ്രവങ്ങൾ പരിശോധനക്കയച്ചതിൽ പരിശോധനാ ഫലം വന്നപ്പോൾ ജൂവലറി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പോസിറ്റീവ്. കോവിഡ് രോഗവ്യാപനം കൂടുതലായ സാഹചര്യത്തിലായിരുന്നു കൊടുവള്ളി നഗരസഭാ പരിധിയിലെ നൂറുപേരുടെ സ്രവങ്ങൾ ശേഖരിച്ച് പരിശോധനക്കയച്ചത്.
ഇതിൽ വിദേശത്തുനിന്നുംവന്ന് ക്വാറൻറീനിൽ കഴിഞ്ഞ രണ്ടുപേരുടേയും കൊടുവള്ളി സ്റ്റേറ്റ് ബാങ്കിന് സമീപത്തെ ഒരു ജ്വല്ലറി ജീവനക്കാരനുമാണ് പോസിറ്റീവായത്. ജ്വല്ലറി ജീവനക്കാരന് എവിടെനിന്നാണ് കോവിഡ് ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കം ഉണ്ടായതായി സംശയിക്കുന്നു.
ഉറവിടം വ്യക്തമല്ലാത്തതിനാലും സമ്പർക്കസാധ്യത ഉള്ളതിനാലും നഗരസഭയിലെ 15, 25, 28, 29, 30 ഡിവിഷനുകളെ കൺടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തതായി നഗരസഭാ അധികൃതർ അറിയിച്ചു.