NADAMMELPOYIL NEWS
OCTOBER 30/21

കോഴിക്കോട്:; ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്റെ ജില്ല ആപ്പിന്റെ ഭാഗമാകണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങളിലും പരാതികളിലും അതിവേഗം പരിഹാരമുണ്ടാവണമെന്നു കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
വെസ്റ്റ്ഹില്‍ ശ്മശാനത്തിലെ ഗ്യാസ് കണക്ഷന്‍ ഈ മാസം തന്നെ ലഭ്യമാവുമെന്നും മറ്റു പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി നവംബര്‍ ആദ്യത്തോടെ ശ്മശാനം പ്രവര്‍ത്തനസജ്ജമാക്കുമെന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. വടകരയില്‍ കടലാക്രമണം തടയുന്നതിനായി 52 ലക്ഷം രൂപയുടെ ഒരു പ്രവൃത്തി പുരോഗതിയിലാണ്. 65 ലക്ഷം രൂപയുടെ മറ്റൊരു പ്രവൃത്തിക്ക് ടെണ്ടര്‍ അംഗീകാരം ലഭിക്കുന്നമുറയ്ക്ക് തുടര്‍നടപടി ആരംഭിക്കും. തീരദേശത്ത് സംരക്ഷണ ഭിത്തികെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഭിത്തി ആവശ്യമുള്ള സ്ഥലങ്ങളുടെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള ലിസ്റ്റ് സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അമ്മത്തൊട്ടില്‍ പദ്ധതിക്കായി സാങ്കേതികാനുമതി ലഭിച്ചതോടെ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ ജില്ലാ വനിതാ ശിശുക്ഷേമ വികസന ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളജില്‍ സിലിണ്ടറില്‍ ഓക്‌സിജന്‍ നിറയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സിലിണ്ടര്‍ ഫില്ലിങ്ങിനായി അനുവദിച്ചതില്‍ ഒരു പ്ലാന്റ് പൂര്‍ത്തിയാക്കിയതായും രണ്ടാം പ്ലാന്റിനായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിന്റെ ഭൂമിയേറ്റെടുക്കലിനോടനുബന്ധിച്ച് 37 ഫയലുകള്‍ രജിസ്‌ട്രേഷന്‍ നടത്തി. ബാക്കിയുള്ളവയുടെ നടപടി ഉടന്‍ പൂര്‍ത്തിയാക്കും.
കോഴിക്കോട് സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിനടുത്ത് താമസിക്കുന്ന 33 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണവുമായി ബന്ധപ്പെട്ട് റവന്യു രേഖകളും മറ്റും പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതുപ്പണം ജയില്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കായി 15 കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വയലട ടൂറിസം പദ്ധതി പൂര്‍ത്തിയായതായും ഉദ്ഘാടനത്തിന് സജ്ജമാണെമന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ എം സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍, ഇ കെ വിജയന്‍, പിടിഎ റഹീം, എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ടി ആര്‍ മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
______

Leave a Reply

Your email address will not be published. Required fields are marked *