നിലവില്‍ ബിഎംഡബ്ള്യുവിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനി ഇലക്‌ട്രിക്ക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

കൂപ്പര്‍ SE എന്ന ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശനം ഉടനുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിനുള്ള ബുക്കിംഗ് ഈ മാസം തുടങ്ങും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് മിനി 3-ഡോറിന്റെ വില 38 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. അതേസമയം മിനി കൂപ്പര്‍ SEയ്ക്ക് ഏകദേശം 50 ലക്ഷം രൂപ ആയിരിക്കും എക്‌സ്-ഷോറൂം വില എന്നാണ് പ്രതീക്ഷിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ മിനി കൂപ്പര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് SE ഇലക്‌ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. 181 ബിഎച്ച്‌പി പവറും 270 എന്‍എം പരമാവധി ടോര്‍ക്കും നിര്‍മിക്കുന്ന ഇലക്‌ട്രിക് മോട്ടറാണ് മിനി കൂപ്പര്‍ SEയുടെ ഹൃദയം. 32.6 kWh ലിഥിയം അയണ്‍ ബാറ്ററി പാക്കില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഈ ഇലക്‌ട്രിക്ക് മോട്ടോര്‍ മുന്‍ചക്രങ്ങള്‍ക്കാണ് കരുത്ത് പകരുന്നത്. 7.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൂപ്പര്‍ SEയ്ക്ക് കൈവരിക്കാന്‍ സാധിക്കും.

ഒറ്റ ചാര്‍ജില്‍ 235-270 കിലോമീറ്റര്‍ വരെയാണ് കൂപ്പര്‍ SEയ്ക്ക് മിനി അവകാശപ്പെടുന്ന റേഞ്ച്. 11 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച്‌ കൂപ്പര്‍ എസ്‌ഇയ്ക്ക് രണ്ടര മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് മിനി പറയുന്നു. , ഫുള്‍ ചാര്‍ജിന് ഏകദേശം മൂന്ന് മണിക്കൂര്‍ സമയം വേണം. വേഗതയേറിയ 50 kW ചാര്‍ജര്‍ ഉപയോഗിക്കുമ്ബോള്‍ ചാര്‍ജിംഗ് സമയം 35 മിനിറ്റായി കുറയും. മണിക്കൂറില്‍ 150 കിലോമീറ്ററാണ് ഈ വാഹനത്തിന്‍റെ പരമാവധി വേഗത.

മിനി കാറുകളുടെ സവിശേഷതകളായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്ബ്, യൂണിയന്‍ ജാക്ക് തീം ടെയില്‍ലൈറ്റുകള്‍, ഓവല്‍ ഷെയ്പ്പിലുള്ള റിയര്‍ വ്യൂ മിററുകള്‍ എന്നിവ കൂപ്പര്‍ SE പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ഇന്റീരിയറും സ്റ്റാന്‍ഡേര്‍ഡ് കൂപ്പര്‍ മോഡലിന് സമാനമാണ്. വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോള്‍ അതേപടി കൂപ്പര്‍ SEയിലും ഇടം പിടിച്ചിട്ടുണ്ട്.

ക്രോം ഔട്ട്ലൈനിങ്ങുള്ള വെന്റുകളില്ലാത്ത ഗ്രില്‍ ഭാഗമാണ് കൂപ്പര്‍ SEയെ മറ്റുള്ള കൂപ്പര്‍ മോഡലില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ ഗ്രില്ലില്‍ സാധാരണ മോഡലുകളില്‍ കാണുന്ന S അക്ഷരത്തിന് പകരം E (ഇലക്‌ട്രിക്ക്) ആണ് കൂപ്പര്‍ SE പതിപ്പില്‍. മഞ്ഞ നിറത്തില്‍ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍ എന്നിവയാണ് മറ്റുള്ള ആകര്‍ഷണങ്ങള്‍. പെട്രോള്‍ ടാങ്കിന്റെ മൂടി തുറക്കുന്ന ഭാഗത്താണ് കാറിന്റെ ചാര്‍ജിങ് പ്ളഗ് ക്രമീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 2019-ലാണ് മിനി കൂപ്പര്‍ SE അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *