NADAMMELPOYIL NEWS
OCTOBER 28/21
തിരുവനന്തപുരം:; പേരൂര്‍ക്കടയിലെ ദത്ത് വിവാദത്തില്‍(Adoption Case) കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍(State Child Rights Commission). ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ദത്ത് നടപടികളില്‍ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂര്‍ണ്ണമായും പാലിക്കപ്പെടണമെന്ന് 2015ലെ ബാലനീതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികളുടെ സ്വകാര്യത ലംഘിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ആറു മാസം തടവോ, രണ്ട് ലക്ഷം രൂപ പിഴയോ, രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.
ദത്തെടുക്കപ്പെടുന്ന കുട്ടിയുടേയോ രക്ഷിതാക്കളുടെയോ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി സമൂഹത്തിലെ മുഴുവന്‍ പേര്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിനുളള നടപടി സ്വീകരിക്കാന്‍ സാമൂഹികനീതി-വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍, സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി പ്രോഗ്രാം മാനേജര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കുട്ടിയെ തിരികെ കിട്ടുന്നതിനായി മാതാവ് നേരത്തെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, പേരൂര്‍ക്കട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 30നാണ് വിചാരണ നടക്കുന്നത്.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ യുവതിയുടെ കുട്ടിയെ ദത്ത് നൽകിയ വിവാദത്തില്‍ കുട്ടിയെ ദത്തെടുത്തു എന്ന് കരുതുന്ന ദമ്പതികളുടെ സ്വകാര്യതയെ ലംഘിക്കുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
പേരൂര്‍ക്കടയിലെ ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രനെതിരെ സി.പി.എം. അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനു തൊട്ടുപിന്നാലെ പ്രതികരണവുമായി അനുപമ. പേരൂര്‍ക്കട ഏരിയാ കമ്മിറ്റി യോഗമാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം. അതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നു പി.എസ്. ജയചന്ദ്രനെ മാറ്റിനിര്‍ത്തും.
സംസ്ഥാന തലത്തില്‍ വനിതാ നേതാവിനെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് അനുപമയുടെ ആവശ്യം. അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയതില്‍ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രന്റെ പങ്കായിരിക്കും മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കുക. കമ്മീഷനില്‍ സി.പി.എം. പേരൂര്‍ക്കട ഏരിയാ കമ്മിറ്റിയംഗം വട്ടപ്പാറ ബിജു അധ്യക്ഷനും വേലായുധന്‍ നായര്‍, ജയപാല്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികളെന്ന് സി.പി.എം. പേരൂർക്കട ഏര്യാ സെക്രട്ടറി എസ്.എസ്. രാജാ ലാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം പേരൂർക്കട ലോക്കല്‍ കമ്മിറ്റി യോഗമാണ് പി.എസ്. ജയചന്ദ്രനെ പാര്‍ട്ടി പരിപാടികളില്‍ നിന്നു മാറ്റി നിര്‍ത്താനും ഏരിയാ തലത്തിലുള്ള അന്വേഷണത്തിനും ശുപാര്‍ശ നല്‍കിയത്. ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജയചന്ദ്രന്‍ താന്‍ ചെയ്ത കാര്യങ്ങളെ ന്യായീകരിച്ചു. പിതാവ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്‌തെന്നായിരുന്നു വിശദീകരണം. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.
ഏരിയ തലത്തിലുള്ള അന്വേഷണം പര്യാപ്തമല്ലെന്നും സംസ്ഥാനതലത്തില്‍ വനിതാ നേതാവിനെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്നും അനുപമ പ്രതികരിച്ചു. മാധ്യമങ്ങളിൽ നിന്നും മാറി കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ആയിരുന്നു പേരൂര്‍ക്കട ലോക്കൽ കമ്മിറ്റി യോഗം നടന്നത്. സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എം.ജി. മീനാംബിക എന്നിവരും ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഏരിയാ കമ്മിറ്റി യോഗം ചേർന്നത് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു.
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടികൾ തിരുവനന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തിരുന്നു. കുഞ്ഞിന്റെ പൂര്‍ണ അവകാശം ആന്ധ്രാ സ്വദേശികൾക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിയിൽ പുരോഗമിക്കുന്ന നടപടികളാണ് താൽകാലികമായി സ്റ്റേ ചെയ്തത്. വിഷയത്തിൽ നവംബർ ഒന്നിന് വിശദമായ വാദം കേൾക്കാനും കോടതി തീരുമാനിച്ചു.
________