ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് തമിഴ്നാടിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തക്കും. ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും യഥാസമയം വിവരങ്ങള്‍ നല്‍കും. സുപ്രീം കോടതി നിര്‍ദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമില്‍ നിലനിര്‍ത്തിയിട്ടുള്ളതെന്നും എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു.
അതേ സമയം ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മറ്റന്നാള്‍ രാവിലെ ഏഴു മണിക്ക് തുറക്കും. തീരുമാനം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനം സജ്ജമാണെമന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.