ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. സ്പില്‍വേ തുറന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജിന്‍്റെ അധ്യക്ഷതയിലായിരുന്നു യോഗം. നിലവില്‍ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
പീരുമേട് താലൂക്കിലെ 4 വില്ലേജുകളായ ഏലപ്പാറ,ഉപ്പുതറ, പെരിയാര്‍, മഞ്ചുമല എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്ബഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളില്‍ നിന്നും 3220 പേരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം. മൂന്നു താലൂക്കുകളിലായി ആകെ 883 കുടുംബങ്ങളെ മാറ്റേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. 2018-ല്‍ സ്പില്‍വേ തുറന്നപ്പോള്‍ ഉണ്ടായ ജലനിരപ്പിന്‍്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് എങ്കിലും നിലവില്‍ അത്രയും വേണ്ടി വരില്ലെന്നാണ് കരുതുന്നത്.
നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല അടിയന്തര യോഗം വൈകിട്ട് മൂന്നിന് ഓണ്‍ലൈനായി നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ പ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തമിഴ്നാട് തയാറാകമെന്നാണ് കേരളത്തിന്‍്റെ പ്രതീക്ഷ. നിലവില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യങ്ങള്‍ ഇപ്പോഴില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയും. കാലാവസ്ഥാ മാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി തമിഴ്നാടിനു കേരളം ഇതിനകം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.