ദില്ലി: നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പട്ടിക്ക് വില വര്‍ധിക്കുന്നു. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയായി വില വര്‍ധിപ്പിക്കാനാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്ബനികളെ എത്തിച്ചത്. ശിവകാശിയില്‍ ചേര്‍ന്ന തീപ്പട്ടി കമ്ബനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം.

2007 ലാണ് അവസാനമായി തീപ്പട്ടിക്ക് വില വര്‍ധിപ്പിച്ചത്. അന്ന് 50 പൈസയില്‍ നിന്നാണ് വില ഒരു രൂപയാക്കിയത്. തീപ്പട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചു. റെഡ് ഫോസ്ഫറസിന്റെ വില 425 ല്‍ നിന്ന് 810 ആയതും വാക്സിന് 58 രൂപയായിരുന്നത് 80 ആയതും കമ്ബനികളെ വില വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചു.

ഒക്ടോബര്‍ പത്തിന് ശേഷം തീപ്പട്ടി കൂടുണ്ടാക്കുന്ന ബോക്സ് കാര്‍ഡ്, പേപ്പര്‍, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സള്‍ഫറിനുമെല്ലാം വില വര്‍ധിച്ചു. ഇതിന് പുറമെ ഇന്ധന വില വര്‍ധന, ചരക്കു ഗതാഗതത്തിന്റെ ചെലവും വര്‍ധിപ്പിച്ചു. നിലവില്‍ തീപ്പട്ടി കമ്ബനികള്‍ 600 തീപ്പട്ടികളുടെ ബണ്ടില്‍ 270 മുതല്‍ 300 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിര്‍മ്മാണ ചെലവ് 430 മുതല്‍ 480 വരെയായെന്ന് കമ്ബനികള്‍ പറയുന്നു. തമിഴ്നാട്ടില്‍ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സെക്ടര്‍ കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *