NADAMMELPOYIL NEWS
OCTOBER 01/21

തിരുവനന്തപുരം: കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്നും ആ സമ്മതപത്രം കണ്ടിരുന്നുവെന്നും അജിത്തിന്‍റെ ആദ്യ ഭാര്യ നാസില. പൂർണ്ണ ബോധ്യത്തോടെയാണ് കുട്ടിയെ നൽകാൻ അനുപ ഒപ്പിട്ട് നൽകിയത്. അനുപമയും അജിത്തുമായുള്ള ബന്ധം താൻ ചോദ്യം ചെയ്തിരുന്നുവെന്നും നാസില പറയുന്നു. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്ന ന്യായീകരണമാണ് അന്ന് അജിത്ത് നൽകിയത്. സമ്മര്‍ദം മൂലമാണ് ഡിവോഴ്സ് ചെയ്തത്. ഡിവോഴ്സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചുവെന്നും നാസില ആരോപിച്ചു. വിവാഹമോചനത്തിന് തയ്യാറല്ല എന്നു പറഞ്ഞു അനുപമയെ കണ്ടിരുന്നു. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചതെന്നും അവർ പറയുന്നു.

എന്നാൽ നാസിലയുടെ ആരോപണം നിഷേധിച്ച് അനുപമ രംഗത്തെത്തി. സമ്മതപത്രം എഴുതി വാങ്ങിയ സമയത്ത് അജിത്തിന്‍റെ ആദ്യ ഭാര്യ അവിടെ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങി. പെറ്റമ്മ എന്ന നിലയിൽ നീതി നൽകേണ്ടവർ തന്‍റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണ് സമരമെന്നും അനുപമ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതിനിടെയാണ് അനുപമ സമരം ആരംഭിച്ചത്. പ്രസവിച്ച്‌ മൂന്നാം നാള്‍ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്ത് നല്‍കിയെന്നാണ് അനുപമ ആരോപണം ഉന്നയിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണെന്നും കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചു.
കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. ഇവര്‍ ആദ്യം നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടെന്നുണ്ടെന്ന് പോലീസ് പറയുന്നു. അതേസമയം കുട്ടിയെ ദത്തു നല്‍കിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്ന് പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ദത്തിന്‍റെ വിശദാംശങ്ങള്‍ തേടി അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്ക് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. കുട്ടിയെ കൈമാറിയതായി പറയുന്ന 2020 ഒക്ടോബര്‍ മാസത്തെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് കത്ത്. അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ കൈമാറിയെന്ന് അച്ഛനടക്കം നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു.
________

Leave a Reply

Your email address will not be published. Required fields are marked *