കോഴിക്കോട്: നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം ലഭ്യമായതെന്നും മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ, മരിച്ച കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ നിപ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാ ഫലം പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവായതായി ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 48 പേരിൽ എട്ടു പേരുടെ ഫലമാണ് നെഗറ്റീവ് ആയത്.
പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുമായി സമ്പർക്കത്തിലായവരെയും കണ്ടെത്തുന്നുണ്ട്. ഹൗസ് സർവെയും സോഴ്സ് സർവെയും പുരോഗമിക്കുന്നു.