കോഴിക്കോട്: അടിയന്തര ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിർവഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഷാഹുൽ ഹമീദ്. ഒരു മനുഷ്യൻ വിശന്നിരിക്കുന്നു എന്നറിഞ്ഞാൽ നമ്മൾ അവർക്ക് ഭക്ഷണം എത്തിക്കാൻ മാത്രം ആയിരിക്കും ചിന്തിക്കുക. എന്നാൽ ഷാഹുൽ ഹമീദ് ചിന്തിച്ചത് വേറെ രീതിയിലാണ്. എല്ലാ ആളുകൾക്കും ഇതുപോലെ ഏതെങ്കിലും തരത്തിലുള്ള സഹായം വേണ്ടി വരും. അപ്പോൾ എല്ലാവർക്കുമായി എന്ത് ചെയ്യാനാകുമെന്ന ചിന്ത. ആ ചിന്ത ഇപ്പോൾ എത്തിനിൽക്കുന്നത് ബീയിങ്ഗുഡ് എന്ന ആപ്ലിക്കേഷനിലാണ്.
2016ലാണ് ആപ്പ് എന്ന ആശയം ഷാഹുൽ ഹമീദിന് തോന്നുന്നത്. കൊറോണക്കാലം അതിനുള്ള ഒരു അവസരം നൽകി. അങ്ങനെയാണ് സ്വന്തമായി ഒരു ആപ്പ് പുറത്തിറക്കി ജനങ്ങള്‍ക്ക് സേവനമെത്തിക്കുക എന്ന ആശയത്തിലേക്കെത്തുന്നത്. 2020ൽ ആപ് പുറത്തിറക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്തി. ഒരാൾക്ക് ഒരു ആവശ്യം വന്നാൽ ആരും അറിയാതെ പോകരുത് എന്ന ലക്ഷ്യമാണ് ആപ്ലിക്കേഷന് പിന്നിൽ.
ജനോപകാരം ലക്ഷ്യം വച്ച് അധ്യാപകനായ ഷാഹുൽ ഹമീദ് നിർമിച്ച ബീയിങ്ഗുഡ് ആപ്ലിക്കേഷൻ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നാടിന് സമർപ്പിച്ചു.
മാപ്, നാവിഗേഷൻ, നോട്ടിഫിക്കേഷൻസ്, റിയൽ ടൈം ഇൻസ്റ്റന്റ് മെസ്സേജിങ് തുടങ്ങിയ നൂതന സാധ്യതകൾ കോർത്തിണക്കിയാണ് ആപ്പിൻ്റെ പ്രവർത്തനം. ദുരന്ത നിവാരണം, മഹാമാരി തുടങ്ങി ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങളിൽ വരെ മുൻനിര പോരാളികളെയും സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ തയ്യാറുള്ള ഏതൊരാളെയും തമ്മിൽ അതിവേഗത്തിൽ എകോപിപ്പിക്കാൻ ഈ ആപിലെ സംവിധാനങ്ങൾ സഹായകമാകും. അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ രക്തം ആവശ്യമായലോ, വാഹന തകരാർ മൂലം വഴിയിൽ കുടുങ്ങിയാലോ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കടലാക്രമണം പോലുള്ള ദുരന്തങ്ങളിൽ ഒറ്റപ്പെട്ടാലോ ഭക്ഷണം ആവശ്യമുള്ളവരെപ്പറ്റി ശ്രദ്ധയിൽപെട്ടാലോ ‘ഗെറ്റ് ഹെല്പ്’ എന്ന ഓപ്ഷൻ വഴി ജനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കാം. തൽഫലമായി തൊട്ടടുത്ത 50 കി.മീ പരിധിക്കുള്ളിലുള്ള ആപ് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയും സാധ്യമാവുന്ന സഹായങ്ങൾ അവരിലേക്ക് നാവിഗേറ്റ് ചെയ്ത് എത്തിച്ചു നൽകാൻ കഴിയുകയും ചെയ്യും.
ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത നമ്മളാൽ കഴിയുന്ന എന്തു സഹായവും ഈ ആപ്പിൽ അറിയിക്കാം എന്നതാണ്. ഒരാളുടെ കയ്യിൽ ഭക്ഷണമോ വസ്ത്രമോ മറ്റെന്ത് സഹായങ്ങൾ ഉണ്ടെങ്കിലും ‘ഗിവ് ഹെല്പ്’ എന്ന ഹോം സ്ക്രീൻ ബട്ടനിലൂടെ മറ്റുള്ളവരെ അറിയിക്കാം. സഹായഭ്യർതനകൾ തീവ്രത അനുസരിച്ച് ചുവപ്പ്, മഞ്ഞ നിറങ്ങളിലും ലഭ്യമായ സഹായങ്ങൾ പച്ച നിറത്തിലും മാപിൽ പ്രത്യക്ഷപ്പെടും. 50 കി. മീ പരിധിയിലെ നോട്ടിഫിക്കേഷൻ കൂടാതെ ഫിൽട്ടർ ബട്ടണിലൂടെ എവിടെയും ഉള്ള സഹായഭ്യാർത്ഥനകൾ വിഭാഗങ്ങൾ വേർതിരിച്ച് എല്ലാവർക്കും കാണാനാവും.
ആറ് വർഷമായി കേന്ദ്ര സർക്കാരിന്റെ കീഴിൽ അധ്യാപകനായും നിലവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ റിസോഴ്സ് പേഴ്സണായും ജോലിചെയ്യുന്ന ഷാഹുൽഹമീദ് 30-ൽ പരം ഡവലപ്പർമാരെ ഉൾപെടുത്തി നീണ്ട ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ ആപ്പ് ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുന്നത്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.