ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ താമസം

കോവിഡിന്റെ സാഹചര്യത്തിൽ ഓണം വാരാഘോഷം നടത്താനാവാത്തതിനാൽ വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 14ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ടൂറിസം ഡെസ്റ്റിനേഷനുകൾ, കലാ സാംസ്‌കാരിക തനിമകൾ, ഭക്ഷണ വൈവിധ്യം എന്നിവയെ പരിചയപ്പെടുത്തുന്ന പരിപാടികൾ ദൃശ്യ മാധ്യമങ്ങളുടെ കൂടി സഹായത്തോടെ നടത്തും. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്നതാണ് ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഇത്തവണ മുന്നോട്ടു വയ്ക്കുന്ന ആശയം. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് തങ്ങളുടെ ഓണപ്പൂക്കളം ടൂറിസം വകുപ്പിന്റെ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാനാവും.

കേരളത്തിലെയും വിദേശങ്ങളിലെയും എൻട്രികൾക്ക് പ്രത്യേക സമ്മാനങ്ങളുണ്ടാവും. ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ സൗകര്യം ആഗസ്റ്റ് പത്തിന് ആരംഭിക്കും. പ്രവാസി മലയാളികളെക്കൂടി വെർച്വൽ ഓണാഘോഷത്തിൽ പങ്കാളികളാക്കും. വിവിധ വിദേശ മലയാളി സംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്തു വരികയാണെന്ന് മന്ത്രി അറിയിച്ചു.

ഡിജിറ്റൽ മാധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും സഹകരണത്തോടെ പാരമ്പര്യ കലകൾക്ക് പ്രാധാന്യം നൽകുന്നതിനും അതിലൂടെ കലാകാരൻമാർക്ക് അവസരം ലഭിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങൾ തുറന്നു കൊണ്ടിരിക്കുകയാണ്. അഭ്യന്തര ടൂറിസ്റ്റുകളെയാണ് ഈ ഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്.

ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്ത കുടുംബങ്ങളെ വാക്‌സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാൻ അനുവദിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളിൽ താമസിക്കുന്ന വിനോദ സഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ വൈത്തിരിയിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ 100 ശതമാനം വാക്‌സിനേഷൻ നടത്തി. ബീച്ചുകളിലുൾപ്പെടെ പ്രോട്ടോകോൾ പാലിച്ചു പോകുന്ന നില സ്വീകരിക്കണം. കേരളത്തിലെ അൺ എക്‌സ്‌പ്ലോർഡ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ആപ്പ് തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് മൂലം ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. 2020 മാർച്ച് മുതൽ 2020 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് 33,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഫോറിൻ എക്‌സ്‌ചേഞ്ചിൽ 7000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി അറിയിച്ചു. ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *