രണ്ടാഴ്ച നീണ്ടുനിന്ന കായിക മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. കോവിഡ് മഹാമാരിക്കിടയിലും ഒളിംപിക്സ് ഭംഗിയായി നടത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജപ്പാന്‍. മെഡല്‍ പട്ടികയില്‍ ഒന്നാമതെത്താന്‍ അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

2020 ഒളിംപിക്സ് വേദിക്കായി നറുക്ക് ലഭിച്ചപ്പോള്‍ തന്നെ ജപ്പാന്‍ ഒരുക്കങ്ങളിലായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രൗഢമായി നടത്താന്‍. തങ്ങളുടെ ആതിഥ്യം എങ്ങനെയെന്ന് കാണിച്ചുകൊടുക്കാന്‍. കോവിഡ് ആ ഉദ്യമത്തിന് വിലങ്ങുതടിയായതോടെ കാത്തിരിപ്പ് 2021ലേക്ക് നീണ്ടു. ഒളിംപിക്സ് ഉപേക്ഷിക്കാന്‍ വരെ ചിന്തിച്ചെങ്കിലും ജപ്പാന്‍ നടത്താന്‍ സന്നദ്ധമായി. കാണികളില്ലാതെ എത്ര ആവേശകരമാകും എന്ന ചോദ്യം അപ്പോഴും ഉയർന്നു. കോവിഡ് ഉയരില്ലെ എന്ന ആശങ്കയും. എങ്കിലും ജപ്പാന്‍ കാണിച്ച ധൈര്യത്തിന് ലോകം കയ്യടിച്ചു. ഉദ്ഘാടന ചടങ്ങ് ലളിതമാക്കി. മത്സരങ്ങള്‍ നിശ്ചയിച്ച സമയങ്ങളില്‍ നടത്തി.

പരമാവധി എല്ലായിടത്തും സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ചു, മെഡല്‍ ദാന ചടങ്ങില്‍ വരെ. ഒളിംപിക് വില്ലേജുകളില്‍ പ്രത്യേക സൗകര്യം. മത്സരങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രം താരങ്ങളെ വേദിയിലെത്തിച്ചു. എങ്കിലും ചില താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചത് ആശങ്കയുണ്ടാക്കി. പതിനായിരത്തോളം മത്സരാർഥികളാണ് ഇത്തവണ ജപ്പാനിലെത്തിയത്. അവരെയും ഒഫീഷ്യല്‍സുകളെയും ഉള്‍ക്കൊള്ളാനും വേദികളും വില്ലേജുകളും പരിസ്ഥിതി സൗഹൃദമാക്കാനും ജപ്പാന് സാധിച്ചു.

അവസാന ദിനമായ ഇന്ന് എട്ട് വിഭാഗങ്ങളിലായാണ് മത്സരം. അതുകൂടി പൂർത്തിയാകുന്നതോടെ സമാപന ചടങ്ങുകളിലേക്ക്. മെഡല്‍ പട്ടികയില്‍ അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാമതാകാനാണ് അമേരിക്കന്‍ ശ്രമം. ആതിഥേയരായ ജപ്പാന്‍ മൂന്നാംസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *