കണ്ണീരോർമയായ പുത്തുമല കവളപ്പാറ ദുരന്തങ്ങൾ നടന്നിട്ട് ഇന്ന് രണ്ടാണ്ട്. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് പെയ്ത പേമാരിയിലാണ് വയനാട് പുത്തുമലയില്‍ 17 ജീവനുകള്‍ നഷ്ടമായ ദുരന്തം ഉണ്ടായത്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതേ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തത്തിന് നിലമ്പൂരിന് അടുത്ത കവളപ്പാറയെന്ന ഗ്രാമം സാക്ഷിയായത്. 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തത്തിനും ഇന്ന് രണ്ടാണ്ട് തികയുകയാണ്.
മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും തകർന്നതിനാൽ കവളപ്പാറയിലെ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകി. 12 മണിക്കൂറിന് ശേഷമാണ് വാർത്ത പുറം ലോകമറിഞ്ഞത്. ആഗസ്റ്റ് എട്ടിന് വൈകുന്നേരം മഴയും ഒപ്പം ഇരുട്ടും കനത്തു. മഴത്തണുപ്പിൽ ആധിയോടെ കേരളം കിടന്നുറങ്ങിയപ്പോൾ നിലമ്പൂരിനടുത്ത് കവളപ്പാറയിൽ മുത്തപ്പൻ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 42 വീടുകൾ മണ്ണിനടിയിൽ പെട്ടു. മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും നിലം പൊത്തിയപ്പോൾ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും നിലച്ചു. ദുരന്തം നടന്ന് 12 മണിക്കൂറോളം പുറം ലോകം ഒരു വിവരവുമറിഞ്ഞില്ല. 59 പേരാണ് ദുരന്തത്തിനിരയായത്. 11 പേരെ ഇന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് ദുരന്തത്തിന്‍റെ വ്യാപ്തി എത്രമാത്രം വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നു.