പുനലൂര്‍: ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനിയായ ആതിരയെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെമ്പ് വേലംകോണം സ്വദേശിയാണ് ആതിര. തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ആതിര തൂങ്ങിയ നിലയില്‍ കണ്ടത്.
നിരവധിതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ കതക് തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ആതിരയുടെ ശരീരം കാണപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കെട്ട് അഴിച്ച് ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പുനലൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ ആതിരയുടെ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.