ടോക്യോ: ഒളിംപിക്സ് പുരുഷ ഫുട്ബോളില്‍ സ്വര്‍ണം നിലനിര്‍ത്തി ബ്രസീല്‍. കലാശക്കളിയില്‍ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീലിന്‍റെ സുവര്‍ണനേട്ടം.

റിയോയില്‍ ഷൂട്ടൗട്ടിലായിരുന്നു സ്വര്‍ണമെങ്കില്‍ ഇത്തവണ എകസ്ട്രാ ടൈമിലെ കളി തീര്‍ത്തു ബ്രസീല്‍. നിശ്ചിത സമയത്ത് 1-1 സമനിലയായ മത്സരത്തില്‍ അധികസമയത്തിന്‍റെ 108-ാം മിനിറ്റില്‍ മാല്‍ക്കത്തിന്‍റെ കാലില്‍ നിന്നായിരുന്നു ബ്രസീലിന്‍റെ വിജയഗോള്‍ വന്നത്.

38ാം മിനിറ്റില്‍ സ്പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സൈമണ്‍ പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ബ്രസീല്‍ താരം മത്തേയുസ് കുനയെ കൈകൊണ്ട് ഇടിച്ചതിന് ബ്രസീലിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും റിച്ചാലിസണ്‍ എടുത്ത സ്പോട്ട് കിക്ക് ക്രോസ് ബാറിന് മുകളില്‍ കൂടെപോയി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മത്തേയൂസ് കുന ബ്രസീലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആസൂത്രിതമായി കളിച്ച സ്പെയിന്‍ സമനില ഗോള്‍ കണ്ടെത്തി. 61-ാം മിനിറ്റില്‍ മൈക്കല്‍ ഓയര്‍സബാള്‍ ആയിരുന്നു സ്പെയിനിന് സമനില സമ്മാനിച്ചത്.

നിശ്ചിത സമയത്ത് നിര്‍ഭാഗ്യവും സ്പെയിനിനെ പിടികൂടി. 86-ാം മിനിറ്റില്‍ സ്പെയിനിന്‍റെ ഓസ്കാര്‍ ഗിലിന്‍റെ ഷോട്ട് ബ്രസീലിന്‍ഖെ ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. രണ്ട് മിനിറ്റിനുശേഷം ബ്രയാന്‍ ഗില്ലിന്‍റെ ഷോട്ടും ബാറില്‍ തട്ടി മടങ്ങിയതോടെ നിശ്ചിത സമയത്ത് തന്നെ ജയിക്കാനുള്ള അവസരം സ്പെയിനിന് നഷ്ടമായി. എക്സ്ട്രാ ടൈമില്‍ പകരക്കാരനായി ഇറങ്ങിയാണ് മാല്‍ക്കം ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *