കോഴിക്കോട്: ജനസംഖ്യാനുപാതിക പ്രതിവാര രോഗവ്യാപന തോത് ( WIPR) 10ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ 34, 35, 43 വാര്‍ഡുകള്‍, മുക്കം മുന്‍സിപ്പാലിറ്റിയിലെ 1,26,32 വാര്‍ഡുകള്‍ എന്നിവ ജനസംഖ്യാനുപാതിക പ്രതിവാര രോഗവ്യാപന തോത് 10ല്‍ കൂടുതലുള്ളവയാണ്.

ഈ വാര്‍ഡുകളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ പ്രവർത്തിപ്പിക്കാവൂ. ഇവ രാവിലെ 7.00 മണിമുതല്‍ ഉച്ചയ്ക്ക് 2.00 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ വാര്‍ഡുകളില്‍ കര്‍ശനമായ ബാരികേഡിംഗ് നടത്തും. വാര്‍ഡുകളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി നിരോധിച്ചു. ഇത് പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തും. വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുമ്പോള്‍ വാര്‍ഡ് ആര്‍.ആര്‍.ടികളുടെ സഹായം തേടാം. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കും. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല. രാത്രി ഏഴ് മണി മുതല്‍ രാവിലെ അഞ്ച് വരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തിര വൈദ്യ സഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു. വാര്‍ഡുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ
നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കും. ഇന്‍സിഡന്റ് കമാന്റര്‍മാര്‍,
നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും.

നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍, തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ പ്രവര്‍ത്തിക്കാം. എല്ലാ കടകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും മറ്റ് സ്ഥാപനങ്ങളും അവിടുത്തെ ജീവനക്കാര്‍ വാക്സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ചുള്ള വിവരങ്ങളും സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിക്കണം. അത്തരം സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും തിരക്കും ആള്‍ക്കൂട്ടവും ഒഴിവാക്കേണ്ടത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പോലീസും സെക്ടര്‍ മജിസ്ട്രേറ്റുമാരും പരിശോധന നടത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയ പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കോവിഡ് വാക്സിന്റെ ആദ്യഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍, അല്ലെങ്കില്‍ കുറഞ്ഞത് ഒരുമാസം മുന്‍പെങ്കിലും കോവിഡ് രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ എന്നിവർക്കു മാത്രമേ കട കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു,സ്വകാര്യ മേഖലയിലെ ഓഫീസുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂ. ഈ നിബന്ധന സ്ഥാപനത്തിലെ തൊഴിലാളികൾക്കും സന്ദർശകർക്കും ബാധകമാണ്.

വാക്സിനേഷന്‍, കോവിഡ് പരിശോധന, അടിയന്തര ചികിത്സ, മരുന്നുവാങ്ങല്‍, ബന്ധുജനങ്ങളുടെ മരണം, അടുത്ത ബന്ധുക്കളുടെ വിവാഹം, ബസ്,ട്രെയിന്‍, വിമാനം, കപ്പല്‍ എന്നിവ കയറുന്നതിനായുള്ള പ്രാദേശിക യാത്ര, പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാം.

കടകള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കാം. കടകള്‍ക്കുള്ളിലെ ഷോപ്പിംഗ് ഏരിയ അടിസ്ഥാനപ്പെടുത്തി മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു (25 ചതുരശ്ര അടിയ്ക്ക് ഒരാള്‍ എന്ന കണക്കില്‍) ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി അനുവദിക്കും. എല്ലാ യാത്രാവാഹനങ്ങളും കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അനുവദിക്കും. മത്സരപരീക്ഷകളും റിക്രൂട്ട്മെന്റ് പരീക്ഷകളും യൂണിവേഴ്സിറ്റി പരീക്ഷകളും സ്പോര്‍ട്സ് ട്രയലുകളും അനുവദനീയമാണ്.

ആഗസ്റ്റ് 8 ഞായറാഴ്ച അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ മാത്രം അനുവദിച്ചു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. ആഗസ്റ്റ് 15 ന് ഞായറാഴ്ച ലോക്ഡൗണ്‍ ഉണ്ടായിരിക്കുകയില്ല.

വാക്സിനേഷന്‍ നടത്താത്ത കുട്ടികള്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം പുറത്തിറങ്ങാം. കണ്ടെയിന്‍മെന്റ് സോണായി തിരിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ഈ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങാനോ അങ്ങോട്ട് ആളുകള്‍ പ്രവേശിക്കാനോ പാടില്ല. സ്‌കൂളുകളും കോളേജുകളും ട്യൂഷന്‍ സെന്ററുകളും സിനിമാ തിയറ്ററുകളും പ്രവർത്തിക്കരുത്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും അനുവദിക്കില്ല. മാളുകള്‍ ഓണ്‍ലൈന്‍ വിപണനത്തിന് മാത്രം തുറക്കാം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്നതിന് മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാം.

തുറന്ന പ്രദേശങ്ങളിലും വാഹനങ്ങള്‍ക്കുള്ളിലും പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും ആറ് അടി അകലം പാലിച്ച് ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ഹോട്ടലുകളിലും റിസോര്‍ട്ടുകള്‍ പോലുള്ള താമസസ്ഥലങ്ങളിലും മറ്റും ബയോ ബബിള്‍ മാതൃകയില്‍ എല്ലാ ദിവസവും താമസസൗകര്യം അനുവദിക്കും. പൊതുപരിപാടികളോ സാമൂഹിക-സാംസ്‌കാരിക, രാഷ്ട്രീയ കൂട്ടായ്മകളോ അനുവദിക്കുന്നതല്ല. എന്നാല്‍ വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ ഓരോ വ്യക്തിക്കും കുറഞ്ഞത് 25 ചതുരശ്ര അടി സ്ഥലം ഉറപ്പാക്കികൊണ്ട് പരമാവധി 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കും. സ്ഥല പരിമിതിയുളള ഇടങ്ങളില്‍ ആനുപാതികമായി ആളുകളുടെ എണ്ണം കുറക്കണം. നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് എല്ലാ വകുപ്പുകളും ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണം. ബന്ധപ്പെട്ട വകുപ്പുകൾ കോവിഡ് പ്രോട്ടോകോള്‍ എല്ലാ സ്ഥലങ്ങളിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഗതാഗത വകുപ്പ് (ബസ് സ്റ്റോപ്പുകള്‍ /ബസ് ഡിപ്പോകള്‍) ഫിഷറീസ് വകുപ്പ് (മത്സ്യ മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, മത്സ്യ ലേല കേന്ദ്രങ്ങള്‍), തദ്ദേശസ്വയംഭരണവകുപ്പ് (മാര്‍ക്കറ്റുകൾ, പൊതുസ്ഥലങ്ങള്‍),തൊഴില്‍ വകുപ്പ് (ലോഡിംഗ് അണ്‍ലോഡിംഗ് കേന്ദ്രങ്ങള്‍), വ്യവസായ വകുപ്പ് (വ്യവസായ സ്ഥാപന മേഖലകള്‍, നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇക്കാര്യത്തിൽ ഏകോപിത പ്രവര്‍ത്തനം നടത്തണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി
നടപ്പിലാക്കുന്നതിന് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ നടപടികള്‍ സ്വീകരിക്കണം. കടയ്ക്കകത്തും പുറത്തും തിരക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രദേശത്തെ വ്യാപാര സംഘടനകളുമായി യോഗങ്ങള്‍ ചേരണം. തിരക്ക് ഒഴിവാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ കടയുടമകള്‍ ഒരുക്കണം. ഹോം ഡെലിവറി /ഓണ്‍ലൈന്‍ ഡെലിവറി എന്നിവ
പ്രോത്സാഹിപ്പിക്കണം. ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്ക് രോഗികളെ മാറ്റുന്നതിനും വാര്‍ഡ് തലത്തില്‍ ഫലപ്രദമായി കോണ്‍ടാക്ട് ട്രെയിസിംഗ് നിരീക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവർത്തനങ്ങൾക്കും വാര്‍ഡ് തലത്തില്‍ ആര്‍ ആര്‍ടിയെ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ നിയോഗിക്കേണ്ടതാണ്.

നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 269, 188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കും. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *