തൃശൂരിലെ കുതിരാൻ തുരങ്കത്തിന്റെ ഒന്നാം ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അനുമതി നൽകിയത് ആഹ്‌ളാദകരവും ജനങ്ങൾക്ക് ആശ്വാസവുമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, റവന്യൂമന്ത്രി കെ. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാം ടണൽ സമയബന്ധിതമായി ഗതാഗതയോഗ്യമാക്കാൻ സംസ്ഥാനസർക്കാരിന്റെ എല്ലാ ഇടപെടലും പിന്തുണയും ഉണ്ടാകുമെന്നും മന്ത്രിമാർ ഉറപ്പുനൽകി.

കേരളത്തിലെ ആദ്യ തുരങ്കപാതയായ കുതിരാനിലെ ഒരു തുരങ്കം ശനിയാഴ്ച വൈകിട്ടോടെ ഗതാഗതത്തിന് തുറന്നുനൽകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ആഗസ്റ്റ് ഒന്നിന് മുമ്പ് പണി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നേരത്തെ ദേശീയപാത അതോറിറ്റിയും കരാറുകാരും ഉദ്യോഗസ്ഥരും ഉറപ്പുനൽകിയിരുന്നു. ഉറപ്പുനൽകിയതുപ്രകാരം പാതയുടെ ഒരു തുരങ്കം തുറക്കാനായത് ജനങ്ങളുടെ യാത്രാക്ലേശം കുറയ്ക്കാൻ സഹായകമാകുമെന്ന് പൊതുമരാമത്ത്, റവന്യൂ മന്ത്രിമാർ പറഞ്ഞു.

ഏറെക്കാലമായി ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കുതിരാൻ തുരങ്കനിർമാണത്തിൽ കഴിഞ്ഞ സർക്കാറും ഈ സർക്കാറും ആവശ്യമായ പിന്തുണയും ഇടപെടലുകളും നടത്തിയിരുന്നു. ഓരോ പ്രതിസന്ധിഘട്ടങ്ങളിലും അവ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിച്ചിരുന്നു. എല്ലാഘട്ടത്തിലും മന്ത്രിമാരുൾപ്പെടെ സന്ദർശിച്ച് ആവശ്യമായ മേൽനോട്ടം വഹിച്ചിരുന്നു.
നിലവിൽ പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഒരു ടണലാണ് ഗതാഗതയോഗ്യമാക്കി ദേശീയപാത അതോറിറ്റി തുറന്നത്. തൃശൂരിൽനിന്ന് പാലക്കാട്ടേക്ക് നിലവിലുള്ള പഴയ വഴി തന്നെയാകും വാഹനങ്ങൾ കടത്തിവിടുക. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.

രണ്ടാമത്തെ തുരങ്കം എത്രയും വേഗം പൂർത്തിയാക്കാൻ സംസ്ഥാനസർക്കാർ എല്ലാതരത്തിലും കേന്ദ്രസർക്കാരുമായും ദേശീയപാത അതോറിറ്റിയുമായും സഹകരിച്ച് പ്രവർത്തിക്കും. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിച്ച് റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കുകയെന്നതാണ് മുഖ്യപരിഗണന. സമയബന്ധിതമായി പണി പൂർത്തിയാക്കാൻ യോഗം വിളിക്കും. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം പണി പൂർത്തിയായതിനുശേഷം ആലോചിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

ഒരു തുരങ്കം തുറന്നതുകൊണ്ടുമാത്രം ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും തുരങ്കപാതയുടെ പണി പൂർത്തിയായശേഷമേ അതിനുള്ള നടപടി ആരംഭിക്കാവൂവെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ. രാജനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *