ന്യൂഡല്‍ഹി: സുരക്ഷാ ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കുന്ന നടപടികള്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗത്തു നിന്നുണ്ടാവുന്നത് പുത്തരിയല്ല. എ.ഐ.സി.സി ആസ്ഥാനത്തു നിന്ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ച് പോയാണ് ഇത്തവണ കോണ്‍ഗ്രസ് എംപി അണികളേയും ഉദ്യോഗസ്ഥരേയും അമ്ബരപ്പിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധമായിരുന്നു യാത്ര.
രാവിലെ പാര്‍ലമെന്റിലേക്ക് എത്താന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് ട്രാക്ടറിലേക്ക് കയറി അതോടിച്ച് ഡല്‍ഹി നഗരത്തിലൂടെ പാര്‍ലമെന്റിന് സമീപത്ത് എത്തിയത്.
തീര്‍ത്തും നാടകീയമായി സംഘടിപ്പിച്ച ഈ പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം അമ്ബരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെക്കുറച്ച് പ്രവര്‍ത്തകര്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പം ആദ്യമുണ്ടായിരുന്നത്. വളരെപ്പെട്ടെന്ന് പ്ലാന്‍ ചെയ്ത് നടപ്പാക്കിയ പ്രതിഷേധമായിരുന്നു ഇത് എന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല.
പാര്‍ലമെന്റിന് സമീപത്ത് എത്തിയപ്പോഴേക്ക് മാധ്യമപ്രവര്‍ത്തകര്‍ അടക്കം അദ്ദേഹത്തെ വളഞ്ഞു. മാധ്യമങ്ങളെ കണ്ട അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാര്‍ക്ക് വേണ്ടിയും അതിധനികര്‍ക്ക് വേണ്ടിയുമാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു. ഇതിനെതിരായി നടത്തുന്ന പ്രതിഷേധമാണിതെന്നും, രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇതിന് ശേഷം, പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാനായി രാഹുല്‍ ലോക്‌സഭയിലേക്ക് പോവുകയും ചെയ്തു.