NADAMMELPOYIL NEWS
JULY 26/2021

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. വികാരാധീനനായി വിതുമ്ബിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രാജിപ്രഖ്യാപനം. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

യെഡിയൂരപ്പയെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നെങ്കിലും ഇതു ശക്തമായി നിഷേധിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുന്നതിന്റെ സൂചനകള്‍ മുഖ്യമന്ത്രിയില്‍നിന്നു തന്നെ പുറത്തുവന്നു.
സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നീടുള്ള കാര്യം ബിജെപി കേന്ദ്ര നേതൃത്വമാവും തീരുമാനിക്കുക എന്നാണ് യെഡിയൂരപ്പ പറഞ്ഞത്. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

യെഡിയൂരപ്പയെ മാറ്റുന്നതിന് എതിരായി, സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം മുന്നോട്ടുവന്നിരുന്നു. സമുദായ നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും പാര്‍ട്ടിക്കു മുന്നറിയിപ്പു നല്‍കിയിട്ടും നേതൃമാറ്റത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം പിന്നോട്ടുപോവാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യെഡിയൂരപ്പ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയെയും കണ്ടിരുന്നു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *