മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്​ സംഘര്‍ഷാവസ്​ഥ സൃഷ്​ടിച്ചു. വഴിയോര കച്ചവടം നിരോധിച്ച്‌ കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് മറികടന്ന് കച്ചവടക്കാര്‍ വില്‍പ്പന നടത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടി. ഇതിനെതിരെ കച്ചവടക്കാര്‍ പ്രതിഷേധിച്ചു.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ലെന്നും സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നും പൊലീസ് വിശദീകരിക്കുന്നു. മിഠായിത്തെരുവില്‍ ഇന്നു മുതല്‍ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ എ.വി ജോര്‍ജ് ഉത്തരവിറക്കിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.കടകള്‍ക്കു പുറത്ത് ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ചു നില്‍ക്കാനായി അടയാളം രേഖപ്പെടുത്തണമെന്നും കുട്ടികളെയും മുതിര്‍ന്ന ആളുകളെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്​.

എന്നാല്‍, മറ്റു കടകള്‍ തുറക്കുന്നതു പോലെ വഴിയോര കച്ചവടക്കാരെയും വ്യപാരം ചെയ്യാന്‍ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കച്ചവടക്കാര്‍ പ്രതിഷേധത്തിലാണ്​. മുഴുവന്‍ കോവിഡ്​ മാനദണ്ഡങ്ങളും പാലിക്കാന്‍ തങ്ങള്‍ തയാറാണെന്നും കോര്‍പറേഷന്‍ കാര്‍ഡ്​ നല്‍കി അംഗീകരിച്ച വഴിയോര കച്ചവടക്കാരെയെങ്കിലും കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്നുമാണ്​ ആവശ്യം. പട്ടിണി മാറ്റാന്‍ കച്ചവടം ചെയ്യാനെത്തിയ തങ്ങ​ളെ ഒഴിപ്പിക്കുന്നത്​ ക്രൂരതയാണെന്ന്​ വഴിയോര കച്ചവടക്കാര്‍ പറഞ്ഞു.

കച്ചവടം ചെയ്​താല്‍ സാധനങ്ങളടക്കം പിടിച്ചെടുത്ത്​ നശിപ്പിക്കുമെന്ന നിലപാടിലാണ്​ പൊലീസ്​. കച്ചവടക്കാരുടെ പ്രതിഷേധവും തുടരുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *