അബുദാബി വിദേശത്ത് നിന്നും അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ബാധകമായ പി.സി.ആര്‍ പരിശോധന, ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം. ഞായറാഴ്‍ചയാണ് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇവ ജൂലൈ അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ നിബന്ധനകള്‍ പ്രകാരം, ഗ്രീന്‍ പട്ടികയില്‍ നിന്ന് വരുന്ന വാക്സിനെടുത്തിട്ടുള്ള യാത്രക്കാര്‍ അബുദാബിയില്‍ എത്തിയ ശേഷം പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാകണം. ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ രാജ്യത്ത് പ്രവേശിച്ച് ആറാം ദിവസം വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ എത്തിയ ശേഷം ഉടന്‍ തന്നെ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവുകയും ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.

ആറാം ദിവസം രണ്ടാമതൊരു പി.സി.ആര്‍ പരിശോധന കൂടി നടത്തുകയും വേണം. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 28 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയ യുഎഇ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്. ഇവരുടെ വാക്സിനേഷന്‍ വിവരങ്ങള്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമായിരിക്കുകയും വേണം.
വാക്സിനെടുക്കാത്ത സ്വദേശികളും വിദേശികളും ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നാണ് യുഎഇയില്‍ എത്തുന്നതെങ്കില്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തണം. എന്നാല്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ല. രാജ്യത്ത് പ്രവേശിച്ചതിന്റെ ആറാം ദിവസവും പന്ത്രണ്ടാം ദിവസവുമായി വീണ്ടും രണ്ട് പി.സി.ആര്‍ പരിശോധനകള്‍ കൂടി പിന്നീട് നടത്തണം.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്സിനെടുക്കാത്തവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തുന്നതിന് പുറമെ 12 ദിവസം ക്വാറന്റീനില്‍ കഴിയണം. പതിനൊന്നാം ദിവസം രണ്ടാമതൊരു പി.സി.ആര്‍ പരിശോധന കൂടി നടത്തുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *