കോഴിക്കോട്: വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ലെന്നും പോലീസ് അറിയിച്ചു. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്.

ഫോൺവിളികളിൽമാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗൺ കാലമായതോടെ ഗൂഗിൾ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാവുമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.

മാസ്ക് ധരിച്ച് വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാവുന്നില്ല എന്ന പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു. സംസാരിക്കുന്നതായി കണ്ടാൽമാത്രമേ പരിശോധനയുണ്ടാവൂ. ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കും.

ചലിക്കുന്ന വാഹനങ്ങളിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവിൽവരണമെന്ന് തൃശ്ശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ പറയുന്നു.

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ളതടക്കം ഗതാഗതനിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കാൻ ആർ.ടി. ഓഫീസിലേക്ക് ഒരുമാസം എത്ര റിപ്പോർട്ടുകൾ അയച്ചുവെന്നതിന്റെ കണക്ക് പ്രതിമാസ അവലോകനത്തിൽ എസ്.എച്ച്.ഒ.മാർ അവതരിപ്പിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *