NADAMMELPOYIL NEWS
JUNE 30/2021

തിരുവനന്തപുരം;സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് മന്ത്രിസഭായോഗം നിശ്ചയിക്കും. സാധ്യതയില്‍ മുന്നില്‍ അനില്‍ കാന്താണങ്കിലും ബി. സന്ധ്യയും സുദേഷ്കുമാറും സജീവ പരിഗണനയിലുണ്ട്. വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോട് കൂടി യാത്രയയപ്പ് നല്‍കും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം വരെ, നീണ്ട അഞ്ച് വര്‍ഷക്കാലം. ഒരു സര്‍ക്കാരിനൊപ്പം പൂര്‍ണമായും പൊലീസ് മേധാവിയായള്‍, ഏറ്റവും നീണ്ട കാലം ആ പദവിയിലിരുന്നയാള്‍..ഈ രണ്ട് നേട്ടങ്ങളുമായി ലോക്നാഥ് ബെഹ്റയുടെ 36 വര്‍ഷം നീണ്ട പൊലീസ് കരിയറിന് വിരാമമാവുകയാണ്. ഇന്ന് രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ യാത്രയയപ്പ് പരേഡും സ്വീകരിച്ച് പടിയിറക്കം. പിന്നീടുള്ള ആകാംക്ഷ മുഴുവന്‍ മന്ത്രിസഭായോഗത്തിലേക്കാണ്. സുേദഷ് കുമാര്‍, ബി. സന്ധ്യ, അനില്‍ കാന്ത്, ഇവരില്‍ ആരാണ് അടുത്ത മേധാവിയെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പ്രഖ്യാപിക്കും.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലും അനില്‍കാന്തിനാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ പ്രധാനപദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനത്തിനൊപ്പം ചേര്‍ന്ന് പോകുന്നതുമാണ് യോഗ്യതയായി ഉയര്‍ത്തുന്നത്. പക്ഷെ ജനുവരിയില്‍ വിരമിക്കുമെന്നത് തിരിച്ചടിയായേക്കാം. എന്നാല്‍ സീനിയോരിറ്റി പരിഗണിച്ചാല്‍ സുദേഷ്കുമാറിന് അനുഗ്രഹമാവും. കേന്ദ്ര ഏജന്‍സികളിലടക്കം പ്രവര്‍ത്തിച്ച് ഡല്‍ഹി ബന്ധമുള്ളതിനാല്‍ ബെഹ്റയുടെ ഉത്തമ പിന്‍ഗാമിയെന്ന വാദം അദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. പക്ഷെ ദാസ്യപ്പണി ആരോപണം കളങ്കമായി തുടരുകയാണ്.

ആദ്യ വനിതാ ഡി.ജി.പിയെ നിയമിച്ച് ചരിത്രം കുറിക്കുകയാണ് ലക്ഷ്യമെങ്കില്‍ ബി. സന്ധ്യയുടെ പേര് പ്രഖ്യാപിക്കല്‍ മാത്രമാവും അവശേഷിക്കുക. കഴിഞ്ഞ നാല് ദിവസമായി പലതരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടങ്കിലും മുഖ്യമന്ത്രി സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്തായാലും മന്ത്രിസഭായോഗത്തിന് പിന്നാലെ ഉത്തരവിറക്കി വൈകിട്ട് അഞ്ച് മണിയോടെ പുതിയ മേധാവി അധികാരമേല്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *