പത്തുമാസം നൊന്ത് പ്രസവിച്ച് നമ്മളെയൊക്കെ ഇത്രത്തോളം വളര്‍ത്തി വലുതാക്കിയ അമ്മയെ ഓര്‍ക്കാന്‍ നമുക്കൊരു പ്രത്യേക ദിനത്തിന്റെ ആവശ്യമൊന്നും ഇല്ല. എങ്കിലും ഇന്നത്തെ തലമുറയ്ക്ക് അത് ആവശ്യമായി വരുന്നു. നമുക്കറിയാം വെറും രണ്ടു വാക്കില്‍ ഒതുങ്ങുന്നതല്ല അമ്മ എന്ന് ജന്മത്തിന്റെ മഹത്വം. അമ്മ സ്‌നേഹത്തിന്റെ അവസാന വാക്ക്, പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നു ആ സ്‌നേഹത്തിന്റെ ബന്ധം, പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം, എന്നിങ്ങനെ പോകും അമ്മയുടെ മഹത്വം.

സ്വന്തം മക്കളേ ജീവശ്വാസം പോലെ സ്‌നേഹിക്കുന്ന ആ മഹാ പുണ്യം.അമ്മിഞ്ഞ പാലിന്റെ മധുരമൂറുന്ന സ്‌നേഹവും മനസ്സിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും വേദനകളെ മഞ്ഞുപോലുരുക്കുന്ന സാന്ത്വനവും അതിലേറെ സംരക്ഷണവും നല്‍കി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റു നോക്കി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവനൊരു താങ്ങായ്, തണലായി ആ അമ്മ എന്നും വര്‍ത്തിക്കുന്നു. ഒന്നകലുമ്പോള്‍ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ്. അക്ഷരങ്ങലിലൂടെ വര്‍ണ്ണിച്ച് തീര്‍ക്കാന്‍ എനിക്ക് കഴിയില്ല ആ അമ്മയെ. സ്വന്തം വിശപ്പിനേക്കാല്‍ ആ അമ്മയ്ക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനേയാണ് , സ്വന്തം വേദനയേക്കാള്‍ ആ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.

സത്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും,പ്രാഥമിക അറിവുകളും നല്‍കി ചുവടുറപ്പിക്കാന്‍ ഒരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട് പ്രശംസിക്കണം.ആദരവും ,ബഹുമാനവും നല്‍കാന്‍ തയ്യാറാകാത്ത ഇന്നത്തെ തലമുറകള്‍ മറന്നുപോകുന്നത് ആ സ്‌നേഹം ആണ്.ആ സ്‌നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്. അമ്മമാരേ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഒരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ്. ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക ,സ്‌നേഹിക്കുക,അനുസരിക്കുക,ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്, എത്ര ഒഴിവുകഴിവുകള്‍ പറഞ്ഞാലും മാറി നില്‍കാന്‍ കഴിയാത്ത് ധര്‍മ്മമാണ് എന്ന തിരിച്ചറിവ് ഒരോ മക്കളില്‍ ഉണ്ടാവുന്നത് നന്ന്.

ആ അമ്മയ്ക്ക് തങ്കമോം , പണമോ, വിലകൂടിയ പട്ടുകളോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്‍കാന്‍ ക്‌ഴിയുന്ന ഒരിത്തിരി സ്‌നേഹം അതു മാത്രം നല്‍കാന്‍ കഴിഞ്ഞാല്‍ ഈ ജന്മം മുഴുവന്‍ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും. ഇന്ന് നിങ്ങള്‍ എന്നത്തേതിനേക്കാളും കൂടുതലായി നിങ്ങളുടെ അമ്മയെ ഓര്‍ക്കുന്നു. ആ അമ്മ ചെയ്ത ത്യാഗങ്ങളെയും, ഇക്കാലമത്രയും നിങ്ങള്‍ക്കു പകര്‍ന്നു നല്‍കിയ സ്‌നേഹത്തെയും കൃതജ്ഞതയോടെ, ഒരു പക്ഷെ ഈറന്‍ മിഴികളോടെ, നിങ്ങളിന്ന് ചിന്തിക്കുന്നുണ്ടാവും. അമ്മയ്ക്ക് ആശംസകളര്‍പ്പിച്ചും സമ്മാനങ്ങള്‍ നല്‍കിയും നിങ്ങള്‍ ഇന്ന് അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കാം.

തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ഈ ലോകത്ത് ഈ ദിനത്തിനായി മാത്രം കാത്തിരുന്ന അമ്മമാരുണ്ടാവാം, അനേകം അമ്മമാര്‍ ഏറെക്കാലത്തിനു ശേഷം ഇന്ന് സന്തോഷത്തോടെ ഉറങ്ങിയിട്ടുണ്ടാവാം, വരണ്ട ചുണ്ടുകളില്‍ പുഞ്ചിരി കളിയാടിയിട്ടുണ്ടാവാം, കണ്ണുകളില്‍ പുതിയൊരു തിളക്കം വന്നിട്ടുണ്ടാവാം. ഒറ്റവാക്കിലൊതുക്കാനാകാത്ത ലോകമാണ് അമ്മ. പൊക്കിള്‍ക്കൊടിയില്‍ തുടങ്ങുന്ന ആ സ്നേഹത്തിന്റെ രക്തബന്ധം ഒരു മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു.

കണ്ണുള്ളവര്‍ അത് കാണുന്നു അല്ലാത്തവര്‍ കണ്ണടച്ചിരുട്ടാക്കി വൃദ്ധസദനങ്ങളുടെ വാതിലുകള്‍ മുട്ടുന്നു. അമ്മമാരെ കണ്‍കണ്ട ദൈവമായി കണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റെത്. എന്നാലിന്നോ.? നാം നമ്മിലേക്ക് വിരല്‍ചൂണ്ടി ചോദിക്കേണ്ടിയിരിക്കുന്നു. കേരളത്തിലിന്ന് മുഴങ്ങിക്കേള്‍ക്കുന്നത് അമ്മമാരുടെ അലമുറയിട്ടുള്ള നിലവിളിയാണ്. സ്വന്തം അമ്മയെ ഓര്‍ക്കാത്ത മുഖമില്ലാത്ത കുറേയെറെ മനുഷ്യക്കോലങ്ങളിലേക്ക് മാതൃത്വത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ട ഗതികേടിലെത്തിനില്‍ക്കുന്നു. മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *