?രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഒക്ടോബര്‍ – ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 – 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്.
?കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22നാണ്.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. അസമില്‍ മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1,6,10,17,22,26,29 എന്നീ ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
?നിയമസഭാ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വര്‍ഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരേ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഘടക കക്ഷികള്‍ക്കുള്ള സീറ്റുകള്‍ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
?ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സി എന്ന കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ച് അറിഞ്ഞത് വിവാദമായപ്പോള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നടപടിയെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
?കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുലിന്റെ ശ്രമം. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് സ്വീകരിക്കേണ്ട നിലയല്ല ഇതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
?നാടകം കളി നിര്‍ത്തി രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ തന്റേടം കാണിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുച്ചേരിയിലും മധ്യപ്രദേശിലും കര്‍ണാടകത്തിലുമൊക്കെ കോണ്‍ഗ്രസിനെ ജനങ്ങള്‍ വിജയിപ്പിച്ചിരുന്നു. ആ ജനങ്ങളെ നിഷ്‌കരുണം വഞ്ചിച്ചാണ് ജയിച്ചവര്‍ ബിജെപിയില്‍ ചേക്കേറിയത്. ഈ സ്ഥിതി കേരളത്തിനുണ്ടാവില്ല എന്ന് വോട്ടര്‍മാര്‍ക്ക് വാക്കു കൊടുക്കാന്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് കഴിയാതെ പോയതെന്നും തോമസ് ഐസക്.
?ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജിനു മോന്‍ അറസ്റ്റില്‍. പ്രകോപന പരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പൊലീസ് അറസ്റ്റ് ചെയ്തത്. വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം.
?കേരളത്തില്‍ ഇന്നലെ 67,812 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 51,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85.
?സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകളില്ല . 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 370 ഹോട്ട് സ്‌പോട്ടുകള്‍.
?സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. ഇതിനായി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കി. ഒരു പരിശോധനയ്ക്ക് 448 രൂപയാവും നിരക്ക്. നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ പേര്‍ പരിശോധനയ്‌ക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍. സ്വകാര്യ ലാബുകളില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്.
?രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കെതിരെ ഓട്ടോറിക്ഷ കെട്ടിവലിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഓട്ടോ കെട്ടിവലിച്ച് തരൂരും പങ്കുചേര്‍ന്നത്.
?ടി.പി. വധക്കേസ് പ്രതി കൊടി സുനിയുമായി വടകര കോടതിയില്‍ പോയ മൂന്ന് പോലീസുകാര്‍ക്കെതിരേ നടപടി. തിരുവനന്തപുരം, നന്ദാവനം എആര്‍ ക്യാമ്പിലെ പോലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. വടകര കോടതിയില്‍ നിന്ന് കൊടി സുനിയെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പോലീസുകാര്‍ക്കെതിരായ ആരോപണം.
?പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പാലക്കാട്, മണ്ണാര്‍ക്കാട്ടുനിന്ന് പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്. 25 കിലോ വീതമുള്ള 75 പെട്ടികളില്‍ ഒളിപ്പിച്ച ഡിറ്റനേറ്ററുകളാണ് പിടികൂടിയത്. 6250 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇവയ്ക്ക് ഒന്നക്കോടിയോളം രൂപ വിലവരും. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവയെന്നാണ് വിവരം.
?ചെക്ക് ഇന്‍ ബാഗേജില്ലാതെ ക്യാബിന്‍ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ് നല്‍കാന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇളവ് ലഭിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ യാത്രയില്‍ കരുതുന്ന ബാഗേജിന്റെ ഭാരം സംബന്ധിച്ച വിവരം യാത്രക്കാര്‍ പ്രസ്താവിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിലവിലെ ചട്ടമനുസരിച്ച് ഒരു യാത്രക്കാരന് ഏഴ് കിലോ ക്യാബിന്‍ ബാഗേജും 15 കിലോ ചെക്ക്-ഇന്‍-ബാഗേജും യാത്രയില്‍ കരുതാം.
?തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭരണത്തുടര്‍ച്ചയ്ക്കായി അവസാന വട്ട ശ്രമങ്ങള്‍ നടത്തി സര്‍ക്കാരുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്വര്‍ണപ്പണയ വായ്പകള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചു.
?പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിന് പിന്നില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് സമാനമായ മറ്റു സംസ്ഥാനങ്ങളില്‍ ഒറ്റദിവസമാണ് വോട്ടെടുപ്പ് നടക്കുന്നതെന്നും ബംഗാളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശാനുസരണം ആണോ എന്നും മമത ചോദിച്ചു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി പശ്ചിമ ബംഗാളില്‍വന്ന് പ്രചാരണം നടത്താന്‍ മോദിക്കും അമിത് ഷായ്ക്കും സൗകര്യം ഒരുക്കാനാണോ ഇതെന്നും അവര്‍ ചോദിച്ചു.
?ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 16,019 പേര്‍ക്ക്. മരണം 109. ഇതോടെ ആകെ മരണം 1,56,970 ആയി. ഇതുവരെ 1,10,79,094 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.56 ലക്ഷം കോവിഡ് രോഗികള്‍.
?മഹാരാഷ്ട്രയില്‍ ഇന്നലെ 8,333 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 256 പേര്‍ക്കും തമിഴ്‌നാട്ടില്‍ 481 പേര്‍ക്കും കര്‍ണാടകയില്‍ 571 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 96 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
?ആഗോളതലത്തില്‍ ഇന്നലെ 4,08,282 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 69,395 പേര്‍ക്കും ബ്രസീലില്‍ 61,744 പേര്‍ക്കും ഫ്രാന്‍സില്‍ 25,207 പേര്‍ക്കും ഇറ്റലിയില്‍ 20,499 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.39 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.19 കോടി കോവിഡ് രോഗികള്‍.
?ആഗോളതലത്തില്‍ 8,982 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,831 പേരും ബ്രസീലില്‍ 1,174 പേരും മെക്സിക്കോയില്‍ 877 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.27 ലക്ഷം മരണം സ്ഥിരീകരിച്ചു.
?ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം ഓസ്‌ട്രേലിയന്‍ ഭരണകൂടം പാസാക്കിയതിന് പിന്നാലെ മൂന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറുണ്ടാക്കിയതായി ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം. ഫെയ്‌സ്ബുക്ക് നിര്‍ദേശിച്ച മാറ്റങ്ങളുള്‍പ്പെടുത്തിയാണ് നിയമം പാസാക്കിയത് എന്നാണ് വിവരം.
?വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ വിജയിച്ച കേരളം നാലാം മത്സരത്തില്‍ കര്‍ണാടകയോടാണ് തോല്‍വി വഴങ്ങിയത്. ഒന്‍പത് വിക്കറ്റിനാണ് കര്‍ണാടകയുടെ വിജയം.
?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ടീമിനെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ തോല്‍വി. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിലെ ലീഗ് മത്സരങ്ങളെല്ലാം പൂര്‍ത്തിയാക്കി. ടീം നേരത്തേ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 20 മത്സരങ്ങളില്‍ നിന്നും മൂന്നു വിജയങ്ങളും എട്ട് സമനിലകളും ഒന്‍പത് തോല്‍വികളും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് സീസണ്‍ പൂര്‍ത്തിയാക്കിയത്.
?2021ന്റെ തുടക്കത്തില്‍ വര്‍ഷത്തിലെ മികച്ച ഓഫറുമായി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ് ആലുക്കാസ്. ‘ഇന്‍ക്രെഡിബിള്‍ 50’ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രൊമോഷനിലൂടെ പര്‍ച്ചേയ്സ് ചെയ്യുന്ന എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും പണിക്കുലിയില്‍ 50% ഫ്ളാറ്റ് ഡിസ്‌കൗണ്ട് നേടുന്നതിനുള്ള അസുലഭ അവസരമാണ് ഓഫറിലൂടെ ഒരുക്കിയിരിക്കുന്നത്. അവിശ്വസനീയമായ ഈ ഓഫര്‍ 17 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ഫെബ്രുവരി ആരംഭിച്ച ഓഫര്‍ മാര്‍ച്ച് 14 ന് അവസാനിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്. ഓഫറിന് പുറമെ, ജോയ്ആലുക്കാസില്‍ നിന്നുമുള്ള പര്‍ച്ചേയ്സുകള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും ആജീവനാന്ത ഫ്രീ മെയിന്റനന്‍സും ഉറപ്പ് നല്‍കുന്നു. കൂടാതെ, ആകര്‍ഷകങ്ങളായ എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.
?ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി പുതിയ രണ്ട് മൊബൈല്‍ മാനുഫാക്ചറിങ് പ്ലാന്റുകളും ഒരു ടെലിവിഷന്‍ നിര്‍മ്മാണ പ്ലാന്റും തുറക്കുന്നു. ഇന്ത്യയെ ഒരു എക്‌സ്‌പോര്‍ട് ഹബ്ബായി കാണുകയാണ് ലക്ഷ്യം. ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും കഴിഞ്ഞ വര്‍ഷം മുതല്‍ കയറ്റുമതി ആരംഭിച്ചു. ഇപ്പോഴത്തെ മുന്തിയ പരിഗണന ഇന്ത്യയിലെ പ്രാദേശിക ബിസിനസിനാണ്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാര്യവും ആലോചിക്കും. ഒരു മൊബൈല്‍ നിര്‍മ്മാണ പ്ലാന്റ് ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചു. ഹരിയാനയില്‍ ഡിബിജി ഇന്ത്യയുമായി ചേര്‍ന്നാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
?സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറില്‍ പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറി. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
?കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ സിനിമ ‘മ് മ് മ്…’ (സൗണ്ട് ഓഫ് പെയിന്‍) ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍. വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഐ.എം വിജയന്‍ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. സംവിധായകന്‍ സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തേന്‍ ശേഖരണം ഉപജീവനമാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍ പെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. പ്രകാശ് വാടിക്കല്‍ തിരക്കഥ.
?ഹീറോയുടെ ബിഎസ്6 ശ്രേണിയിലുള്ള ഫ്ലാഗ്ഷിപ്പ് വാഹനമായ എക്സ്പള്‍സ് 200 ന് കേരളത്തില്‍ വന്‍ വില്പന. കൊറോണ സാഹചര്യത്തിലും 2020 ജൂലൈയില്‍ പുറത്തിറക്കിയ എക്സ്പള്‍സ് 200ന്റെ പുത്തന്‍ മോഡലിന് 10,000 യൂണിറ്റുകളുടെ വില്പനയാണ് കേരളത്തില്‍ മാത്രം ഉണ്ടായത്. 200സിസി ഓയില്‍ കൂള്‍ഡ് ബിഎസ്6 എന്‍ജിനാണ് എക്സ്പള്‍സ് 200ന് കരുത്തുപകരുന്നത്. ഉന്നതമായ ടെക്നോളജിയും ആധുനികമായ ഡിസൈനും വ്യത്യസ്തതയേകുന്ന അനുഭവവുമാണ് എക്സ്പള്‍സിന്റെ മുഖമുദ്രയായി ഹീറോ മുന്നോട്ടുവയ്ക്കുന്നത്.
?രുചിപ്പെരുമയുടെയും കപടസ്നേഹത്തിന്റെയും പുറന്തോടിനുള്ളിലെ പുതിയ കാലത്തിന്റെ ചതിക്കുഴികളെക്കുറിച്ചു പറയുന്ന അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും, സമൂഹത്തില്‍ ദൃശ്യമായും അദൃശ്യമായും നിലനില്ക്കുന്ന വര്‍ണാധികാരത്തെയും ഉച്ചനീചത്വങ്ങളെയും തുറന്നുകാണിക്കുന്ന വില്ലുവണ്ടിയും ഉള്‍പ്പെടെ ഈസ്റ്റര്‍ ലില്ലി, അവളാര്, അധോലോകം, ഒറ്റക്കല്ല്, കുഴപ്പക്കാരി, കളഞ്ഞുപോയ വസ്തുക്കള്‍ കണ്ടു കിട്ടുന്നതിനുള്ള പ്രാര്‍ഥനകള്‍, സന്ദര്‍ശകരുടെ ദിവസം എന്നിങ്ങനെ ഒന്‍പതു കഥകള്‍. രേഖ കെ യുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും’. മാതൃഭൂമി. വില 136 രൂപ.
?കൊവിഡ് 19 എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് രോഗം അതിജീവിച്ച ശേഷവും രോഗബാധിതരായ ആളുകളില്‍ കണ്ടുവരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍. ചിലരില്‍ കൊവിഡ് ലക്ഷണമായി ഗന്ധവും രുചിയും നഷ്ടമാകുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. കഴിയുന്ന വേഗത്തില്‍ നഷ്ടമായ ഗന്ധവും രുചിയും തിരിച്ചുപിടിക്കാന്‍ ചെറിയ ചില പരിശീലനങ്ങള്‍ നടത്താവുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് ഒരു ഫിസീഷ്യന്റെ നിര്‍ദേശം ആരായാം. വൈറല്‍ ഇന്‍ഫെക്ഷനുകളില്‍ അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ രോഗം ഭേദമായ ശേഷവും ഏറെ നാളത്തേക്ക് ഈ തളര്‍ച്ച നീണ്ടുനില്‍ക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ശ്വാസകോശ രോഗമായതിനാല്‍ തന്നെ ശ്വാസതടസമാണ് കൊവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായി വരിക. കൊവിഡിന് ശേഷവും ഏറെ നാളത്തേക്ക് ഈ വിഷമത അനുഭവപ്പെടാം. കൊവിഡാനന്തരം കാണുന്ന മറ്റ് പ്രശ്‌നങ്ങളെ അപേക്ഷിച്ച് ഇത് അല്‍പം ഗൗരവമുള്ളതുമാണ്. കൊവിഡ് ബാധിക്കപ്പെട്ടവരില്‍ വളരെ നേരത്തേ തന്നെ രോഗം സൂചിപ്പിക്കാനായി തലവേദന പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് ഒരു സംഘം ഗവേഷകര്‍ വാദിക്കുന്നത്. എന്നാല്‍ ഏറെക്കാലത്തേക്ക് വലിയ രീതിയില്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യേണ്ടതാണ്. കാരണം, നാഡികള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം മനസിലാക്കാന്‍ പരിശോധനയിലൂടെ മാത്രമേ സാധ്യമാകൂ. വിവിധ തരം ശരീരവേദനകളും കൊവിഡിന് ശേഷവും രോഗബാധിതരില്‍ കണ്ടേക്കാം.
ശുഭദിനം
കവിത കണ്ണന്‍
ആരൊക്കെയോ തെളിച്ച കെടാവിളക്കുകളുടെ തെളിച്ചത്തിലാണ് നമ്മുടെയെല്ലാം യാത്ര. ഒരു തിരിയും സ്വയം കത്തുന്നില്ല. ആരോ ഒരാള്‍ തെളിച്ചതുകൊണ്ടാണ് ഓരോ തിരിയും തെളിഞ്ഞുകത്തുന്നത്. കാഴ്ചയുള്ളതുകൊണ്ടുമാത്രമല്ല നമ്മുടെ യാത്രകള്‍ സുഗമമാകുന്നത്. ചുററും വെളിച്ചമുള്ളതുകൂടികൊണ്ടു കൂടിയാണ്. വെളിച്ചത്തുനില്‍ക്കുമ്പോള്‍ വിളക്ക് എവിടെയാണെന്ന് ആരും അന്വേഷിക്കാറില്ല. ചുറ്റും പ്രകാശമുള്ളപ്പോള്‍ വിളക്കുകള്‍ക്ക് പ്രസക്തിയില്ല. ഇരുട്ടുകയറുമ്പോഴാണ് ആളുകള്‍ വിളക്ക് അന്വേഷിച്ചുതുടങ്ങുക. ഏത് ഇരുട്ടിലും പ്രകാശിക്കാന്‍ കഴിവുള്ളവരാണ് വഴിവിളക്കുകളായി മാറുന്നത്. വെളിച്ചം തേടിപ്പോകുന്നവരും വെളിച്ചം പരത്തിപ്പോകുന്നവരുമുണ്ട്. വെളിച്ചം ചില പ്രത്യേകകേന്ദ്രങ്ങളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും മാത്രമാണ് ലഭിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് പ്രകാശഅന്വേഷണം നടത്തുന്നവര്‍ക്ക് വിളക്കാകാനോ തെളിച്ചമാകാനോ സാധിക്കുകയില്ല. വെളിച്ചം പകരുന്ന ചിലരുണ്ട് . അവരുടെ നിഴലില്‍ നിന്നു ആശ്വസിക്കുകയല്ല വേണ്ടത്, സ്വയം വെളിച്ചമാകാനുള്ള ഊര്‍ജ്ജം സംഭരിക്കുകയാണ് വേണ്ടത്. ഏത് ഇരുട്ടിലും വെളിച്ചമായി മാറാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം