?2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 13.7ശതമാനം വളര്‍ച്ച നേടുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 10.08 വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. അതേസമയം, 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയിരുത്തല്‍.

?ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേഡേക്കറും ചേര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെയും സമഗ്രതയെയും സുരക്ഷയേയും ബാധിക്കുന്നതും വ്യക്തികളുടെ സ്വകാര്യതയെയും സ്ത്രീകളുടെ അന്തഃസിനെയും ബാധിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 13+, 16+, A കാറ്റഗറികള്‍ സ്വയം വേര്‍തിരിക്കണം. രക്ഷിതാക്കളുടെ നിയന്ത്രണത്തിനും, കുട്ടികള്‍ മറ്റ് കാറ്റഗറികള്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം വേണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

?സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ലെന്നും ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.

?60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ ഇന്ന് എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കുന്നതാണെന്നും ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

?കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 1990 കളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങളെത്തുടര്‍ന്നാണ് ലോകത്തെ ഞെട്ടിച്ച രീതിയില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് തുടക്കം കുറിച്ചതെന്ന് പിണറായി വിജയന്‍. ആത്മഹത്യ ചെയ്ത ലക്ഷക്കണക്കിന് കര്‍ഷകരുടെ രക്തം കോണ്‍ഗ്രസിന്റെ കൈകളില്‍ പുരണ്ടിട്ടുണ്ട്. കോണ്‍ഗ്രസിനുവേണ്ടി രാഹുല്‍ കര്‍ഷകരോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

?ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകളുടെ പിന്‍ബലമില്ലാതെ ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി.

?പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കരാര്‍ വിഷയത്തില്‍ പൂന്തുറയില്‍ നടത്തിയ സത്യാഗ്രഹത്തിനിടെയാണ് അദ്ദേഹം ഈ ആരോപണമുന്നയിച്ചത്. കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കുത്തക കമ്പനിക്ക് തീറെഴുതാനും മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ഗൂഡപദ്ധതി പ്രതിപക്ഷം കയ്യോടെ പിടിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

?ശബരിമല വിഷയത്തില്‍ കേസുകള്‍ പിന്‍വലിച്ചത് പാര്‍ട്ടി നിലപാടിലെ മാറ്റംകൊണ്ടല്ലെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടതിനാലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ശബരിമല വിഷയത്തെക്കുറിച്ച് ഇടതുമുന്നണിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.

?കെ.കരുണാകരനൊപ്പം നിന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്ന സമ്പ്രദായം പാര്‍ട്ടിയില്‍ ഉണ്ടെന്ന് കെ.മുരളീധരന്‍ എം.പി. ചാനലുകളെ കാണുമ്പോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് സീറ്റുള്ളത്. നേതാക്കളുടെ ചുറ്റും നടക്കുന്നവര്‍ക്ക് മാത്രം സീറ്റ് ലഭിക്കുന്നുവെന്നും പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയുമില്ലെന്നും കെ.മുരളീധരന്‍.

?കേരളത്തില്‍ ഇന്നലെ 63,582 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3677 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4150 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 228 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 51,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

?സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകള്‍.

?കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 2017-18 അധ്യയന വര്‍ഷം മുതലുള്ള ഫീസ് മൂന്ന് മാസത്തിനുള്ളില്‍ പുനഃനിര്‍ണ്ണയിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഫീസ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന തരത്തില്‍ അമിതമാകരുതെന്ന് ഉറപ്പ് വരുത്തണമെന്നും ഫീസ് നിര്‍ണ്ണയ സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഫീസ് നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെന്റുകളോട് നിര്‍ദേശിക്കാന്‍ സമിതിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

?വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍. ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കേസില്‍ ഒമ്പത് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

?ശിവകാശിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണശാലയില്‍ ഇന്നലെ വൈകീട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കൂടുതല്‍ പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.

?ഇന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ്. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. കേരളത്തിലെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

?കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള്‍ പാസ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള്‍ പാസ് ബാധകമാവുക. ഈ ക്ലാസ്സുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസ്സുകളിലേക്ക് ജയിപ്പിക്കും. കോവിഡിന്റെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി.

?പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ ബുധനാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവെച്ചതിനു പിന്നാലെയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

?മയക്കുമരുന്ന് കേസില്‍ ബി.ജെ.പി. നേതാവിനെതിരേ ഗുരുതര ആരോപണവുമായി യുവമോര്‍ച്ച വനിതാ നേതാവ് പമേല ഗോസ്വാമി. കൊക്കെയ്ന്‍ പിടികൂടിയ കേസിന് പിന്നില്‍ ബി.ജെ.പി. സംസ്ഥാന സമിതി അംഗമായ രാകേഷ് സിങ്ങാണെന്നും അദ്ദേഹത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ കുടുങ്ങിയതെന്നും പമേല ആരോപിച്ചു.

?ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യയും പാകിസ്താനും പരസ്പര ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

?റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി. സൗത്ത് മുംബൈ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കോര്‍പിയോ വാഹനത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളും മറ്റും പോലീസ് കണ്ടെടുത്തു.

?ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യക്കാരാണ് കൂടുതല്‍ ജോലിഭാരമുള്ളവരെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ.) വെളിപ്പെടുത്തല്‍. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നിവയാണ് പട്ടികയിലുള്ള ആദ്യ രാജ്യങ്ങള്‍.

?പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി.

?ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 16,562 പേര്‍ക്ക്. മരണം 119. ഇതോടെ ആകെ മരണം 1,56,861 ആയി. ഇതുവരെ 1,10,63,038 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.52 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 8,702 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 220 പേര്‍ക്കും തമിഴ്‌നാട്ടില്‍ 467 പേര്‍ക്കും കര്‍ണാടകയില്‍ 453 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 82 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ ഇന്നലെ 4,11,876 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 65,982 പേര്‍ക്കും ബ്രസീലില്‍ 64,453 പേര്‍ക്കും ഫ്രാന്‍സില്‍ 25,403 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.35 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.18 കോടി കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ 9,750 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,115 പേരും ബ്രസീലില്‍ 1,149 പേരും മെക്സിക്കോയില്‍ 1006 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.17 ലക്ഷം മരണം സ്ഥിരീകരിച്ചു.

?തീവ്രദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന മനുഷ്യാദ്ഭുതം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. കുറഞ്ഞ സമയംകൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാന്‍ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബെയ്ജിങ്ങില്‍ നടന്ന പ്രത്യേക പരിപാടിയില്‍വെച്ചാണ് ഷീ ജിന്‍പിങ് പ്രഖ്യാപനം നടത്തിയത്.

?ഇംഗ്ലണ്ടിനെതിരായ ഡേ-നൈറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റ് ജയവുമായി നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ കറങ്ങി വീണ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍വെച്ച 49 റണ്‍സിന്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. 25 റണ്‍സുമായി രോഹിത് ശര്‍മയും 15 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു. തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ അവസാനിച്ചു. ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം 13 വിക്കറ്റ് വീണപ്പോള്‍ രണ്ടാം ദിനം 17 വിക്കറ്റുകളാണ് നിലം പൊത്തിയത്. ഇന്ത്യയുടെ ഏഴും ഇംഗ്ലണ്ടിന്റെ പത്തും. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 145 റണ്‍സിന് പുറത്താക്കിയതിന്റെ ആവേശത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് വെറും 81 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാലു വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്തതിയത്.

?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ബെംഗളൂരു എഫ്.സിയെ കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. ജംഷേദ്പുരിന്റെ അവസാന ലീഗ് മത്സരത്തില്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ബെംഗളൂരുവിനെ കീഴടക്കിയത്.

?കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് 5,000 കോടി രൂപയുടെ വരുമാനനഷ്ടം. കൊവിഡ് വ്യാപനം ട്രെയിന്‍ സര്‍വീസിനെ ബാധിക്കുകയും ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും ചെയ്തു. അതേസമയം കൊറോണ വൈറസിനെ ഭയന്ന് നിരവധി പേര്‍ ഇപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യാന്‍ വിമുഖത കാണിക്കുന്നുവെന്ന് വെസ്റ്റേണ്‍ റെയില്‍വേ പറഞ്ഞു. നിലവില്‍ ഡബ്ല്യുആര്‍ആര്‍ ഓടിക്കുന്ന ട്രെയിനുകളില്‍ ചിലത് 10 ശതമാനം മാത്രം ഓടിക്കുന്ന ട്രെയിനുകളാണ്. കൊവിഡ് വ്യാപനത്തിന് മുമ്പ് വെസ്റ്റേണ്‍ റെയില്‍വേ മുന്നൂറോളം പാസഞ്ചര്‍ ട്രെയിനുകളാണ് ഓടിച്ചിരുന്നത്.

?നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയായ ‘മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡി’ലെ ‘അലരേ നീ എന്നിലെ’ പ്രണയഗാനം വൈറല്‍. അര്‍ജുന്‍ അശോകന്‍ നായകനും ഗായത്രി അശോക് നായികയാവുന്ന ചിത്രത്തിലെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയിരിക്കുന്നത്. കൈലാസ് മാജിക്കില്‍ ഒരു പ്രണയഗാനം തന്നെയാണ് ‘ അലരേ ‘. അയ്റാനും നിത്യ മാമനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

?’ദ പ്രീസ്റ്റ്’ ചിത്രത്തിലെ ‘നീലാമ്പലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. സുജാത മോഹനന്‍ ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ദ പ്രീസ്റ്റ് എത്തുന്നത്.

?ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി അവതരിപ്പിക്കാനൊരുങ്ങുന്ന ഏഴ് സീറ്റര്‍ എസ്.യു.വിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അല്‍കാസര്‍ എന്ന പേരിട്ടിരിക്കുന്ന ഈ എസ്.യു.വി. ഏപ്രിലില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ടീസര്‍ വീഡിയോയിലൂടെയാണ് ഹ്യുണ്ടായി ഈ വാഹനത്തിന്റെ പേര് വെളിപ്പെടുത്തിയത്. ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയെ അടിസ്ഥാനമാക്കിയായിരിക്കും അല്‍കാസര്‍ എത്തുക.

?അവന്റെ പ്രേമത്തിന്റെ ലഹരിയില്‍ വീഞ്ഞുണ്ടവരെപ്പോലെ അവര്‍ മദോന്മത്തരായി. ഉന്മാദിനികളെപ്പോലെ മുടി പിച്ചിവലിച്ചു. അവനായിരുന്നു അവര്‍ക്കെല്ലാം. സ്വര്‍ഗവും സ്നേഹവും നരകവും നാശവുമൊക്കെ. കാമുകിമാരെ തന്റെ നെഞ്ചിന്റെ ചൂടുള്ള മിടിപ്പില്‍ മാത്രം സൂക്ഷിക്കുന്ന ജനാഫ്രസ്സ്. ജനാഫ്രസ്സ് എന്ന ഭയങ്കരനായ കാമുകന്‍. മരണത്തോളമെത്തുന്ന നിത്യവിശുദ്ധമായ ഉടല്‍ പ്രേമത്തിന്റെ ആള്‍രൂപമായ ജനാഫ്രസ്സ്. ഇന്ദുമേനോന്റെ ഏറ്റവും പുതിയ നോവല്‍. ‘ജനാഫ്രസ്സ്: ഒരു കൊടിയ കാമുകന്‍’. മാതൃഭൂമി. വില 128 രൂപ.

?ഗര്‍ഭിണികളായ സ്ത്രീകളെ കോവിഡ് ബാധിക്കുന്നതിന്റെ തോത് ഉയരുന്നതായി പഠനം. അമേരിക്കയിലെ വാഷിങ്ടണ്‍ സംസ്ഥാനത്തെ ഗര്‍ഭിണികളായ സ്ത്രീകളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം. പഠനത്തിന്റെ വെളിച്ചത്തില്‍ കോവിഡ് വാക്‌സീന്‍ വിതരണത്തില്‍ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വാഷിങ്ടണ്‍ സംസ്ഥാനത്ത് 1000 ഗര്‍ഭിണികളില്‍ 7 പേര്‍ക്ക് കോവിഡ് എന്ന തോതിലായിരുന്നു രോഗവ്യാപനം. എന്നാല്‍ ജൂണ്‍ ആയപ്പോഴേക്കും ഇത് 14 ആയി ഉയര്‍ന്നു. ഗര്‍ഭിണികളല്ലാത്ത മുതിര്‍ന്നവരെ അപേക്ഷിച്ച് ഗര്‍ഭിണികളിലെ കോവിഡ് നിരക്ക് 70 ശതമാനം ഉയര്‍ന്നതാണെന്നും പഠനം പറയുന്നു. വെള്ളക്കാരല്ലാത്ത വിഭാഗങ്ങളില്‍പ്പെടുന്ന ഗര്‍ഭിണികള്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് ഒബ്‌സ്‌ടെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം യുകെയില്‍ പ്രത്യക്ഷപ്പെട്ട കോവിഡിന്റെ പുതിയ വകഭേദം രോഗം ബാധിച്ചവരില്‍ കൂടുതല്‍ സമയം തങ്ങി നില്‍ക്കുമെന്ന് മറ്റൊരു പഠനം ചൂണ്ടിക്കാട്ടി.

ശുഭദിനം
കവിത കണ്ണന്‍
സ്വയം ഒരു പ്രേരണാശക്തിയായി മാറുക എന്നതാണ് ഒരാള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ സമവായങ്ങള്‍ രൂപപ്പെടുത്തുകയും പ്രതിസന്ധികളില്‍ പടവുകളാവുകയും ചെയ്ത പലര്‍ക്കും സ്വന്തം പ്രശ്നങ്ങള്‍ക്ക് സമവായങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയാറില്ല. മറ്റുള്ളവര്‍ക്ക് നല്‍കിയിരുന്ന വേദനസംഹാരികള്‍ സ്വയം കഴിക്കുവാനോ അവര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തവഴിയിലൂടെ സഞ്ചരിക്കുവാനോ അവര്‍ക്ക് സാധിക്കില്ല. അവിടെയാണ് നിരാശയുടെയും നിശ്ചലതയുടേയും ഭയാനകത അവരെ പേടിപ്പിക്കുക. മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ അവരുടെ മാനസികാവസ്ഥയ്ക്ക് പുറത്ത് നിന്നാണ് നാം വഴികാട്ടികളാകുന്നത്. അതേ അവസ്ഥ സ്വന്തം ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ ആ മാനസികവസ്ഥ തരണം ചെയ്യാന്‍ പുറത്തുള്ളവരുടെ സഹായം കൂടിയേ തീരൂ. ഒരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് അയാളില്‍ പ്രചോദനത്തിന്റെ തീപ്പൊരി നിക്ഷേപിക്കുക എന്നത്. ചിലര്‍ക്കത് ഒരിക്കല്‍ പകര്‍ന്നു നല്‍കിയാല്‍ മതിയാകും പിന്നെയത് ആളിക്കത്തിക്കൊണ്ടിരിക്കും. പക്ഷേ ചിലര്‍ക്കത് ഇടയ്ക്കിടെ നല്‍കേണ്ടിവരും. കാരണം ആ മനസ്സ് അത്രകണ്ട് ഒറ്റെപ്പെട്ടിരിക്കും. എഴുന്നേല്‍ക്കാന്‍, കാരണം സ്വയം കണ്ടെത്താന്‍ ആകുന്നില്ല എന്നതാണ് വീണുപോയ ഓരോരുത്തരുടേയും അവസ്ഥ. ആ കാരണമാണ് പ്രചോദകര്‍ കണ്ടെത്തി നല്‍കേണ്ടത്. അത് ചിലപ്പോള്‍ ഒരു വാക്കോ, ഒരു സ്പര്‍ശനമോ ഒരു ചേര്‍ത്ത് പിടിക്കലോ ഒക്കെയാകാം. എത്രപേരുടെ ആഘോഷത്തിന് ആരവമുയര്‍ത്തി എന്നതിലല്ലകാര്യം, അനക്കമില്ലാത്ത എത്ര ജീവിതങ്ങളെ തൊട്ടുണര്‍ത്തി എന്നതു തന്നെയാണ്. ഒരാളുടെ ദുഃഖങ്ങള്‍ക്ക് പലകാരണങ്ങളുണ്ടാകും. അവയുടെയെല്ലാം മീതെ അയാളുടെ സന്തോഷത്തിന്റെ കാരണമാകുക എന്നതിനേക്കാള്‍ വലിയ പുണ്യമെന്താണ്… തളര്‍ന്നുപോയവരില്‍ പ്രചോദനത്തിന്റെ തീപ്പൊരി വിതറാന്‍ നമുക്കും സാധ്യമാകട്ടെ – ശുഭദിനം

Leave a Reply

Your email address will not be published. Required fields are marked *