മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയർ ബിരിയാണി ചാലഞ്ചിലെ പാചക പ്രവൃത്തികൾക്കു ചേന്നമംഗല്ലൂർ പുൽപറമ്പ് എൻസി ഓഡിറ്റോറിയത്തിൽ തുടക്കമായി.
ബഹുജന പങ്കാളിത്തം കൊണ്ട് ചാലഞ്ച് ഇതിനകം ശ്രദ്ധേയമായി. പാലിയേറ്റീവ് പ്രവർത്തനം നിലയ്ക്കരുത് എന്ന സന്ദേശവുമായി ഇന്നാണ് ബിരിയാണി ചാലഞ്ച്. കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾ തുടർന്നും മുന്നോട്ടുകൊണ്ടുപോകാനുള്ള ജനകീയ ശ്രമമാണ് ഇന്നത്തേത്.
മുക്കം നഗരസഭയ്ക്ക് പുറമേ കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, ഓമശ്ശേരി, പഞ്ചായത്തുകളിലുമായാണ് ബിരിയാണി ചാലഞ്ച്. ഓർഡറുകൾ അനുസരിച്ച് ഇന്ന് വീടുകളിലും സ്ഥാപനങ്ങളിലും ബിരിയാണി എത്തിച്ചു കൊടുക്കും. പ്രാദേശിക തലത്തിൽ സ്ക്വാഡുകൾ, വൊളന്റിയർമാർ, സന്നദ്ധ സേന പ്രവർത്തകർ, വിദ്യാർഥികൾ, വ്യാപാരികൾ, പാലിയേറ്റീവ് പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ ദിവസങ്ങളായി പ്രവർത്തനം തുടങ്ങിയിട്ട്.
പാചക തൊഴിലാളികളുടെ സംഘടനയായ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സൗജന്യമായി പാചകം നിർവഹിക്കും. ബിരിയാണിക്കാവശ്യമായ മുഴുവൻ അരിയും ഗൾഫ് ഗോൾഡ് ഉടമ സ്പോൺസർ ചെയ്തതായി സംഘാടകർ പറഞ്ഞു. അരിക്കായി ലഭിച്ച അധിക തുക ഉപയോഗിച്ച് മറ്റു സാധനങ്ങൾ വാങ്ങും. ലൈറ്റ് ആൻഡ് സൗണ്ട്സ് സംവിധാനങ്ങളും പാത്ര സാമഗ്രികളും നോർത്ത് കാരശ്ശേരിയിലെ സി.എം.സൗണ്ട്സ് മാനേജിങ് ഡയറക്ടർ സി.എം.ആലിയും ഏറ്റെടുത്തിട്ടുണ്ട്. ചേന്നമംഗല്ലൂർ പുൽപറമ്പിലെ എൻസി ഓഡിറ്റോറിയം പാചകത്തിനായി വിട്ടുനൽകിയതും സൗജന്യമായി തന്നെ.
5 ക്വിന്റൽ അരി വീതം വ്യത്യസ്ത സംഘങ്ങളായാണ് പാചകം ചെയ്യുക. പാക്കിങ്ങിന് 15 പേർ അടങ്ങുന്ന 25 ഗ്രൂപ്പുകളുണ്ടാകും. 4 ഷിഫ്റ്റുകളിലായി സ്ത്രീകൾ ഉൾപ്പെടെ 1500 വൊളന്റിയർമാർ സേവന രംഗത്തുണ്ട്.ഇന്നലെ രാവിലെ മുതൽ പാചകവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിച്ചു.
സംഘാടക സമിതി ചെയർമാൻ പി.കെ.ശരീഫുദ്ദീൻ, ജനറൽ കൺവീനർ ബക്കർ കളർ ബലൂൺ, ചീഫ് കോഓർഡിനേറ്റർ ടി.പി.അബൂബക്കർ, പ്രചാരണ വിഭാഗം കൺവീനർ മുഹമ്മദ് കക്കാട്, എ.സി.നിസാർ ബാബു, പി.നൂറുൽ അമീൻ, കെ.കെ.ആലി ഹസ്സൻ, എൻ.ശശികുമാർ, തുടങ്ങിയവർ നേതൃത്വം നൽകുന്നു. വൊളന്റിയർമാർ ഇന്ന് ഉച്ചയോടെ ബിരിയാണി പൊതികൾ എത്തിച്ചു നൽകുമെന്നും സംഘാടകർ അറിയിച്ചു